തിരുവനന്തപുരം: ''സ്‌ത്രീയെന്ന പരിഗണനപോലും നൽകാതെയാണ് എസ്.എഫ്.ഐക്കാർ എന്നെ ക്രൂരമായി മർദ്ദിച്ചത്.'' ലാ കോളേജ് കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് സഫ്‌ന യാക്കൂബ് കേരളകൗമുദിയോട് പറഞ്ഞു. തന്നെ ലക്ഷ്യമാക്കിയാണ് അവർ വന്നതെന്നും യൂണിയൻ ഉദ്ഘാടനം കഴിഞ്ഞ് രാത്രി എട്ടരയോടെ കോളേജിന് പുറത്തേക്ക് ഇറങ്ങുമ്പോഴായിരുന്നു എസ്.എഫ്.ഐക്കാർ വളഞ്ഞിട്ട് ആക്രമിച്ചതെന്നും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായ സഫ്‌ന പറഞ്ഞു. ''എന്നെ തളളി താഴെയിട്ട ശേഷം റോഡിൽ കൂടി വലിച്ചിഴച്ചു. ഒരുപാട് പേർ സംഘം ചേർന്ന് ഇടിക്കുകയായിരുന്നു. ആരാണ് ഇടിച്ചതെന്നുപോലും കാണാൻ സാധിച്ചില്ല. ഓരോ സെക്കൻഡിന്റെ വ്യത്യാസത്തിലാണ് ഓരോരുത്തരായി വന്ന് ഇടിച്ചത്. സ്ഥലത്ത് പൊലീസുകാരുണ്ടായിരുന്നിട്ടും ഒരാൾ പോലും രക്ഷിക്കാൻ വന്നില്ല. ഇവരിൽ പലരും ലഹരി ഉപയോഗിച്ചിരുന്നുവെന്നാണ് മനസ്സിലായത്. സംരക്ഷിക്കാനെത്തിയ കെ.എസ്.യു പ്രവർത്തകർക്കും മർദ്ദനമേറ്റു." കോളേജിൽ കെ.എസ്.യു പ്രവർത്തകരായ പല പെൺകുട്ടികൾക്കും ഇത്തരത്തിലുളള ദുരനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും സഫ്‌ന പറഞ്ഞു.
കോളേജിനു പുറത്തുനിന്നുളള എസ്.എഫ്.ഐക്കാരും യൂണിയൻ ഉദ്ഘാടനം നടന്ന രാത്രി കാമ്പസിനുളളിൽ തമ്പടിച്ചു. ലാ-കോളേജിൽ ഇത് ആദ്യത്തെ അനുഭവമല്ല. കെ.എസ്.യുക്കാരി ആയതിനാൽ ആദ്യവർഷം മുതൽ എസ്.എഫ്.ഐ പ്രവർത്തകർ മോശമായി പെരുമാറുമായിരുന്നു. അശ്ലീല സംഭാഷണങ്ങളും മോശം പദപ്രയോഗങ്ങളും പലതവണ നടത്തിയിട്ടുണ്ട്. കെ.എസ്.യുവിൽ നിൽക്കരുതെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. കെ.എസ്.യുവിനു വേണ്ടി തിരഞ്ഞെടുപ്പ് കാമ്പെയിൻ നടത്തുന്ന സമയത്ത് എന്റെയും വേറൊരു പെൺകുട്ടിയുടെയും നേരെ ക്രൂരമായ മർദ്ദനമാണ് എസ്.എഫ്.ഐ പ്രവർത്തകരായ ആൺകുട്ടികൾ നടത്തിയത്. അന്ന് അവരെന്നെ ചുമരിലേക്ക് തളളുകയും ഇടിക്കുകയും ചെയ്‌തു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുമരെഴുതുന്നതിനിടെ ദേഹത്ത് എസ്.എഫ്.ഐക്കാർ പെയിന്റൊഴിച്ചതായും സഫ്‌ന വെളിപ്പെടുത്തി.
എസ്.എഫ്.ഐക്കാർ ഓരോതവണ ആക്രമിക്കുമ്പോഴും കോളേജ് അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്. എന്നാൽ ഒരാൾക്കെതിരെ പോലും നടപടി സ്വീകരിച്ചിട്ടില്ല. മ്യൂസിയം പൊലീസ് സ്റ്റേഷനിലടക്കം പരാതി നൽകിയിട്ടുണ്ടെങ്കിലും നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നും സഫ്‌ന പറഞ്ഞു. ചൊവ്വാഴ്‌ച രാത്രി സഫ്‌നയ്‌ക്കുനേരെ നടന്ന എസ്.എഫ്.ഐ ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങളടക്കം നേരത്തേ പ്രചരിച്ചിരുന്നു.