kerala-tourism

തിരുവനന്തപുരം: അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രാവൽ ആൻഡ് ലെഷർ ഡോട്‌കോമിന്റെ ഗ്ലോബൽ വിഷൻ 2022 പുരസ്‌കാരം കേരള ടൂറിസത്തിന് ലഭിച്ചു. കേരള ടൂറിസം നടപ്പാക്കിയ ഉത്തരവാദിത്ത ടൂറിസം മിഷനാണ് പുരസ്‌ക്കാരത്തിന് അർഹമാക്കിയ പദ്ധതി. അനുഭവവേദ്യവും സുസ്ഥിരവും പാരിസ്ഥിതിക സൗഹൃദവുമായ ടൂറിസംഗതാഗത പദ്ധതികൾ നടപ്പാക്കുന്ന വ്യക്തികൾ, കമ്പനികൾ, സംഘടനകൾ, ടൂറിസം കേന്ദ്രങ്ങൾ എന്നിവയെയാണ് ട്രാവൽ ആൻഡ് ലെഷർ പുരസ്‌കാരത്തിനായി തിരഞ്ഞെടുക്കുന്നത്. ലോകമെമ്പാടുമുള്ള ടൂറിസം മേഖലയിൽനിന്ന് അഞ്ച് ഗ്ലോബൽ വിഷൻ പുരസ്‌ക്കാരമാണ് നൽകുന്നത്. 14 അംഗ ജൂറിയാണ് വിശദമായ പരിശോധനകൾക്ക് ശേഷം പുരസ്‌ക്കാരപട്ടിക പ്രഖ്യാപിച്ചത്. ദാരിദ്ര്യനിർമ്മാർജ്ജനം, വനിതാശാക്തീകരണം, സമൂഹ ഉന്നമനം, കാർഷികവൃത്തി പ്രോത്സാഹിപ്പിക്കൽ എന്നിവയ്ക്കായി ടൂറിസത്തെ പ്രയോജനപ്പെടുത്തിയ ഉദാത്തമാതൃകയാണ് കേരള ടൂറിസം ആവിഷ്‌കരിച്ച ഉത്തരവാദിത്ത ടൂറിസം മിഷനെന്ന് പുരസ്‌കാര നിർണയസമിതി വിലയിരുത്തി.

കൊവിഡാനന്തര ടൂറിസം മേഖലയിൽ അനുഭവവേദ്യ ടൂറിസത്തിനും ഗ്രാമീണ ടൂറിസത്തിനും വലിയ പ്രാധാന്യമാണ് അന്താരാഷ്ട്രതലത്തിൽ കൈവന്നിട്ടുള്ളതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. സമൂഹത്തിന്റെ എല്ലാ തട്ടിലുള്ള ജനങ്ങൾക്കും പ്രയോജനം ലഭിക്കുന്ന ഉത്തരവാദിത്ത ടൂറിസം മിഷന്റെ പ്രവർത്തനത്തിനുള്ള ആഗോള അംഗീകാരമാണ് ഈ പുരസ്‌ക്കാരമെന്ന് കേരള ടൂറിസം ഡയറക്ടർ വി.ആർ.കൃഷ്ണതേജ പറഞ്ഞു.