kn-balagopal

തിരുവനന്തപുരം: കേന്ദ്ര സർക്കാർ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുകയാണെന്നും ഇതിനെതിരെ പോരാടാൻ പ്രതിപക്ഷം ഉൾപ്പെടെ ഒരുമിച്ച് നിൽക്കണമെന്നും ബഡ്ജറ്റിന്മേലുള്ള പൊതുചർച്ചയ്ക്കുള്ള മറുപടിയിൽ മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. രാജ്യം മുഴുവൻ തോറ്റുപോകുന്ന കോൺഗ്രസിന് നാളെ പ്രതീക്ഷയർപ്പിക്കാവുന്ന സംസ്ഥാനമാണ് കേരളം. അതിന്റെ നിലനില്പിനായി യോജിച്ച പോരാട്ടം വേണം. കേന്ദ്രത്തിൽ നിന്ന് കിട്ടേണ്ട 17000 കോടി വരുന്ന വർഷം കിട്ടില്ല. അതിനടുത്ത വർഷം കുറയുക 32000 കോടിയാണ്. അത്രയും വരുമാനകുറവ് സംസ്ഥാനത്തെ ഞെരുക്കും. സംസ്ഥാനത്തുണ്ടാകുന്ന സാമ്പത്തിക ഞെരുക്കത്തിന് ഉത്തരവാദി ഇടതുമുന്നണി സർക്കാരല്ല.

നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ നിന്നുകൊണ്ട് സ്വപ്നങ്ങൾ നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കൊച്ചിമെട്രോ ഇപ്പോൾ നഷ്ടത്തിലാണെങ്കിലും നാളെ ലാഭത്തിലാകും. സർവകലാശാലകൾ റസിഡൻഷ്യൽ കേന്ദ്രങ്ങളാകണം. വിദേശ വിദ്യാർത്ഥികൾക്കും ഇവിടെ വന്ന് പഠനവും ജോലിയും ചെയ്യുന്ന സാഹചര്യമുണ്ടാകണം. നിലവിലെ ദേശീയപാത വികസിപ്പിക്കാൻ തന്നെ 57,000 കോടി വേണം. ആ സാഹചര്യത്തിലാണ് സിൽവർലൈൻ പദ്ധതിയെ കാണേണ്ടത്. കെ-റെയിൽ കേരളത്തിൽ ഡിസാസ്റ്ററാകില്ലെന്ന് ഉറപ്പുണ്ട്. ലോകസമാധാനത്തിന് ബഡ്ജറ്റിൽ പണം വകയിരുത്തിയതിനെ മന്ത്രി ന്യായീകരിച്ചു. യുദ്ധവും സമാധാനവും സായിപ്പൻമാരുടെ മാത്രം കാര്യമല്ല. നമുക്കും ഇടപെടാം.