1

തിരുവനന്തപുരം:21ാമത് ദേശീയ സബ് ജൂനിയർ വുഷു ചാമ്പ്യൻഷിപ്പ് 26 മുതൽ 31വരെ തക്കല നൂറുൽ ഇസ്ലാം സർവ്വകലാശാല ഗ്രൗണ്ടിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ദേശീയ വുഷു അസോസിയേഷൻ, തക്കല നൂറുൽ ഇസ്ലാം സർവ്വകലാശാല, തമിഴ്നാട് വുഷു അസോസയേഷൻ എന്നിവ സംയുക്തമായാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്. 26ന് തമിഴ്നാട് സ്പീക്കർ എം.അപ്പാവുവിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ഐ.ടി മന്ത്രി ടി.മനോ തങ്കരാജ്, തമിഴ്നാട് സ്‌പോർട്സ് യുവജന ക്ഷേമ മന്ത്രി ശിവ.വി മെയ്യനാഥൻ എന്നിവർ മുഖ്യാതിഥികളാവും. നൂറുൽ ഇസ്ലാം സർവ്വകലാശാല ചാൻസലർ ഡോ.എ.പി മജീദ്ഖാൻ, പ്രൊ ചാൻസലർ എം .എസ് ഫൈസൽ ഖാൻ,വുഷു അസോസയേഷൻ ദേശീയ പ്രസിഡന്റ് ബുപിന്ദർ സിംഗ് ഭാജ്‌വ, ജനറൽ സെക്രട്ടറി ജതിന്ദർസിംഗ്,നാഗർകോവിൽ മേയർ ആർ.മഗേഷ്, തുടങ്ങിയവർ പങ്കെടുക്കും. ചാമ്പ്യൻഷിപ്പ് നടത്താൻ മുന്നോട്ടുവന്ന നൂറുൽ ഇസ്ലാം സർവ്വകലാശാല അധികൃതരെ അഭിനന്ദിക്കുന്നതായി ദേശീയ വുഷു അസോസിയേഷൻ സി.ഇ.ഒ സുഹേൽ അഹമ്മദ് അറിയിച്ചു. 30 ടീമുകളിലായി 1200 പേരാണ് പങ്കെടുക്കുന്നത്. സ്‌പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യയുടെ ഒരു സ്വതന്ത്ര ടീമും മാറ്റുരയ്ക്കും. വാർത്താസമ്മേളനത്തിൽ നൂറുൽ ഇസ്ലാം സർവ്വകലാശാല ചാൻസലർ ഡോ.എ.പി. മജീദ് ഖാൻ, അക്കാഡമിക് പ്രോ ചാൻസലർ ഡോ.പെരുമാൾ സ്വാമി,വൈസ് ചാൻസലർ ഡോ.എ.കെകുമാരഗുരു, രജിസ്ട്രാർ ഡോ.തിരുമൽവളവൻ, ഡോ.കെ.എ ജനാർദ്ദനൻ,കെ.തനു,പി.ജോൺസൺ,എ.അലക്സ്, പ്രോഗ്രാം കോർഡിനേറ്റർ ഷബീർ എന്നിവർ പങ്കെടുത്തു.