sreenivasan-krishnan

തിരുവനന്തപുരം: കേരളത്തിൽ നിന്ന് കോൺഗ്രസിന് ലഭിക്കുന്ന രാജ്യസഭാ സീറ്റിലേക്ക് ഹൈക്കമാൻഡ് ശ്രീനിവാസൻ കൃഷ്ണന്റെ പേര് നിർദ്ദേശിച്ചത് സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കി. തൃശൂർ സ്വദേശിയും തെലങ്കാന ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറിയുമായ ശ്രീനിവാസൻ കൃഷ്ണനെ പരിഗണിക്കുന്നതിനോട് ഗ്രൂപ്പ് ഭേദമെന്യേ വിയോജിപ്പുണ്ട്. എന്നാൽ, ഹൈക്കമാൻഡ് നിർദ്ദേശമായി വന്നാൽ തള്ളാനാകാത്ത സ്ഥിതിയാണ്.

ഡൽഹിയിലുള്ള കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ആലപ്പുഴ മുൻ ഡി.സി.സി പ്രസിഡന്റ് എം. ലിജുവിന്റെ പേരാണ് നിർദ്ദേശിച്ചത്. ലിജുവിനെ സ്ഥാനാർത്ഥിയാക്കണമെന്ന് ഇന്നലെ രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ സുധാകരൻ ആവശ്യപ്പെട്ടു. ലിജുവും ഒപ്പമുണ്ടായിരുന്നു. പാനലായി പേരുകൾ സമർപ്പിക്കാനാണ് ഹൈക്കമാൻഡിന്റെ നിർദ്ദേശം. ഇന്നോ നാളെയോ പ്രഖ്യാപനമുണ്ടാകും.21നാണ് പത്രിക സമർപ്പിക്കേണ്ട അവസാന തീയതി.

. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ചാലക്കുടിയിൽ മത്സരിപ്പിക്കാൻ ഹൈക്കമാൻഡ് നിർദ്ദേശിച്ച പേരായിരുന്നു ശ്രീനിവാസൻ കൃഷ്ണന്റേത്. ഇതിനെതിരെ അന്ന് വൻ പ്രതിഷേധമുയർന്നതിനെ തുടർന്ന് ഉപേക്ഷിക്കേണ്ടി വന്നു. പ്രിയങ്ക ഗാന്ധിയുടെ ടീമിലെ അംഗമാണ് 57കാരനായ ശ്രീനിവാസൻ കൃഷ്ണൻ . എ.ഐ.സി.സി നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ്. ഇന്ത്യൻ ഇൻഫർമേഷൻ സർവീസിലെ മുൻ ഉദ്യോഗസ്ഥനാണ്. പത്ത് വർഷത്തോളം കെ. കരുണാകരനോടൊപ്പം ഓഫീസർ ഒൺ സ്പെഷ്യൽ ഡ്യൂട്ടിയായിരുന്നു. പിന്നീടാണ് കോൺഗ്രസ് കേന്ദ്രനേതൃത്വവുമായി അടുത്തത്.പ്രിയങ്കയുടെ ഭർത്താവും വ്യവസായ പ്രമുഖനുമായ റോബർട്ട് വാധ്രയുടെ ബിസിനസ് പങ്കാളിയായിരുന്നു. കേരളത്തിൽ പാർട്ടിക്കായി കഠിനാദ്ധ്വാനം ചെയ്യുന്ന നേതാക്കൾ നിരവധിയുണ്ടായിരിക്കെ, സ്ഥാനാർത്ഥിയെ കെട്ടിയിറക്കുന്നത് സംസ്ഥാന പാർട്ടിയിൽ വലിയ കുഴപ്പങ്ങളുണ്ടാക്കുമെന്നാണ് ഗ്രൂപ്പ് ഭേദമെന്യേ നേതാക്കൾ കരുതുന്നത്.

കെ.വി. തോമസ് അടക്കമുള്ള മുതിർന്ന നേതാക്കൾ സീറ്റിനായി രംഗത്തുണ്ട്. എം.എം. ഹസനെ രാജ്യസഭാ സ്ഥാനാർത്ഥിയാക്കി കെ.സി. ജോസഫിനെ യു.ഡി.എഫ് കൺവീനറാക്കുകയെന്ന ഫോർമുല കെ.പി.സി.സി നേതൃത്വവും ചർച്ച ചെയ്തിരുന്നു. കെ.പി.സി.സി നിർവാഹക സമിതി അംഗവും, ബി.എസ്.എസ് അഖിലേന്ത്യാ ചെയർമാനുമായ ബി.എസ്.ബാലചന്ദ്രൻ, ചെറിയാൻ ഫിലിപ്പ് എന്നിവരുടെ പേരുകളും ചർച്ചയിലുണ്ട്.ഇതിന് പുറമേ സി.എം.പി ജനറൽസെക്രട്ടറി സി.പി. ജോണും ആർ.എസ്.പിയും സീറ്റിനായി അവകാശവാദമുയർത്തി. എന്നാൽ, കോൺഗ്രസിനെ സമ്മർദ്ദത്തിലാക്കി സി.പി.എമ്മും സി.പി.ഐയും യുവനേതാക്കളെ സ്ഥാനാർത്ഥികളാക്കിയതോടെയാണ്, യുവനേതാവെന്ന പരിഗണനയിൽ ലിജുവിന്റെ പേര് കെ..പി.സി.സി നിർദ്ദേശിച്ചത്.