തിരുവനന്തപുരം: പദ്ധതികൾ കാലതാമസമില്ലാതെ നടപ്പാക്കുന്നതിന് വിലങ്ങുതടിയാകുന്ന ഒച്ചിഴയൽ വേഗം പണ്ടേയുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തീരദേശ പരിപാലന പ്ലാൻ തയ്യാറാക്കി സമർപ്പിക്കുന്നതിൽ മൂന്നു വർഷം കഴിഞ്ഞിട്ടും പുരോഗതി ഇല്ലാത്തതിനെക്കുറിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.
നമ്മുടെ കൂടെപ്പിറപ്പായിട്ടുള്ള ദുസ്വഭാവത്തിന്റെ ഭാഗമാണ് ഇത്തരം കാലതാമസം. കാര്യങ്ങൾ വേഗത്തിൽ പൂർത്തീകരിക്കാനാണ് ശ്രമിക്കുന്നത്. പഴയ സ്വഭാവം ഇപ്പോഴും മാറിയിട്ടില്ല. വിദഗ്ധ സമിതിയുടെ റിപ്പോർട്ട് കാബിനറ്റിൽ വയ്‌ക്കണമെന്ന് തീരുമാനിച്ചിട്ടും ഇതുവരെയും സാധിക്കാത്തതും ഇതിനാലാണ്. പരമാവധി വേഗത്തിൽ കാര്യങ്ങൾ നടക്കുന്നതിനുള്ള ഇടപെടലും തിരുത്തലും സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.