
തിരുവനന്തപുരം: പൊലീസ് വകുപ്പിൽ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം രൂപീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
ക്രൈംബ്രാഞ്ചിന്റെ കീഴിൽ ഈ വിഭാഗത്തിന് 233 തസ്തികകൾ സൃഷ്ടിക്കും. 226 എക്സിക്യൂട്ടീവ് തസ്തികകളും 7 മിനിസ്റ്റീരിയൽ തസ്തികകളുമുണ്ടാവും. ഒരു ഐ.ജി, നാല് എസ്.പി, 11 ഡിവൈ.എസ്.പി, 19 ഇൻസ്‌പെക്ടർമാർ, 29 എസ്.ഐമാർ, 73 വീതം എസ്.സി.പി.ഒ, സി.പി.ഒ, 16 ഡ്രൈവർമാർ എന്നിങ്ങനെയാണ് തസ്തികകൾ.
ചതി, സാമ്പത്തിക തട്ടിപ്പ്, പണമിടപാടുകൾ, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഈ വിഭാഗത്തിനായിരിക്കും അന്വേഷണച്ചുമതല.ആധുനികവൽക്കരണത്തിന്റെ ഭാഗമായി എക്‌സൈസ് വകുപ്പ് 10 വാഹനങ്ങൾ വാങ്ങും.
 സർക്കാർ ഗ്യാരണ്ടി കാലാവധി നീട്ടി
സംസ്ഥാന വെയർഹൗസിംഗ് കോർപ്പറേഷന്റെ ഗോഡൗണുകളിലെ സ്റ്റോക്കിന് ഇൻഷ്വറൻസിന് പകരമായി സെൽഫ് ഇൻഡെമ്നിഫിക്കേഷൻ സ്കീമിന് നൽകുന്ന സർക്കാർ ഗ്യാരണ്ടി 2021 ഏപ്രിൽ മുതൽ മൂന്ന് വർഷത്തേക്ക് ദീർഘിപ്പിക്കാനും തീരുമാനിച്ചു.