
തിരുവനന്തപുരം: കെ-ഫോൺ പദ്ധതിക്ക് കേബിൾ വലിക്കാൻ സംസ്ഥാന സർക്കാരിന് കീഴിലുള്ള വകുപ്പുകൾ, അവയുടെ താഴെതട്ടിലുള്ള ഓഫീസുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പൊതുമേഖല സ്ഥാപനങ്ങൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് മുൻകൂർ അനുമതി (റൈറ്റ് ഒഫ് വേ- ആർ.ഒ.ഡബ്‌ള്യു) തേടുന്നത് ഒഴിവാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
റോഡിലൂടെ കേബിൾ വലിക്കുമ്പോൾ മുൻകൂർ അറിയിപ്പ് നൽകണമെന്ന നിബന്ധനയോടെയാണിത്. റൈറ്റ് ഒഫ് വേ ചാർജുകൾ ഒടുക്കുന്നതിൽ നിന്നും ഇവയെ ഒഴിവാക്കും. അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനായി ഈടാക്കുന്ന വാർഷിക നിരക്കുകൾ, തറവാടക, പോൾ റെന്റൽസ്, റെസ്റ്ററേഷൻ ചാർജുകൾ ഉൾപ്പെടെയുള്ള മറ്റു ചാർജുകളും ഒഴിവാക്കും.
മേൽപറഞ്ഞ സ്ഥാപനങ്ങളിൽ സെക്യൂരിറ്റി ഡെപ്പോസിറ്റ്, ബാങ്ക് ഗ്യാരണ്ടി, പെർഫോമൻസ് ബാങ്ക് ഗ്യാരണ്ടി എന്നിവ സമർപ്പിക്കുന്നതിൽ നിന്നു ഒഴിവാക്കാൻ തീരുമാനിച്ചു.
 ടെക്‌നോ പാർക്കിന് 8.71 കോടി
ടെക്‌നോപാർക്കിന് 8.71 കോടി രൂപയുടെ പദ്ധതി വിഹിത ധനസഹായം അനുവദിക്കാൻ തീരുമാനിച്ചു. ടെക്‌നോ പാർക്കിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം കേന്ദ്ര സർക്കാരിന്റെ എം. എസ്. എം. ഇയ്ക്ക് ടെക്‌നോളജി സെന്റർ സ്ഥാപിക്കുന്നതിന് പാട്ടവ്യവസ്ഥയിൽ നൽകിയ നടപടി സാധൂകരിച്ചു.
ശാസ്ത്ര കൗൺസിലിൽ ശമ്പള പരിഷ്കരണ ആനുകൂല്യം
സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിലെയും അനുബന്ധ ഗവേഷണ സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് ശമ്പളം, ക്ഷാമബത്ത എന്നിവ ഏഴാം കേന്ദ്ര ശമ്പള പരിഷ്കരണ പ്രകാരം 2016 ജനുവരി ഒന്ന് മുതൽ മുൻകാല പ്രാബല്യത്തിൽ അനുവദിക്കും. വീട്ടു വാടക, യാത്രാബത്ത തുടങ്ങിയവ സംസ്ഥാന നിരക്കിൽ 2021 ഫെബ്രുവരി 10ലെ ഉത്തരവിലെ വ്യവസ്ഥകൾ പ്രകാരം ഉത്തരവ് തിയതി മുതൽ അനുവദിക്കും.
 പ്രായപരിധി 70
സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള പൊതുമേഖല സ്ഥാപനങ്ങൾ ഒഴികെയുള്ള മറ്റ് സ്വയംഭരണ, സ്റ്റാറ്റ്യൂട്ടറി സ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ എന്നിവയിലെ മാനേജിംഗ് ഡയറക്ടർ, സെക്രട്ടറി, ഡയറക്ടർ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എന്നിവരുടെ പ്രായപരിധി 70 വയസ്സാക്കാൻ തീരുമാനിച്ചു.