theatre-renovation

തിരുവനന്തപുരം: അന്താരാഷ്ട്ര നിലവാരത്തിലുള്ള തിയേറ്റർ അനുഭവം തലസ്ഥാനവാസികൾക്ക് പകരാൻ നവീകരിച്ച കെ.എസ്.എഫ്.ഡി.സിയുടെ കൈരളി, നിള, ശ്രീ തിയേറ്റർ സമുച്ചയത്തിന്റെ ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. ഏറെ അഭിമാനത്തോടെയാണ് തിയേറ്റർ സമുച്ചയം തലസ്ഥാനത്തിന് സമർപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. തിയേറ്ററിലെ തൊഴിലാളികളുടെ പെരുമാറ്റം നല്ല രീതിയിലായാൽ കൂടുതൽ പേർ സിനിമ കാണാനെത്തുമെന്ന് ചടങ്ങിൽ പങ്കെടുത്ത മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.

സിനിമ കാണാൻ എത്തുന്നവർ നടന്മാരോടോ സിനിമയോടോയുള്ള ദേഷ്യം ഇരിപ്പിടങ്ങളിലും തിയേറ്ററിലെ മറ്റിടങ്ങളിലും കാട്ടാതിരുന്നാൽ ആധുനിക നിലവാരത്തിലുള്ള തിയേറ്റർ ഇതുപോലെതന്നെ കൊണ്ടുപോകാനാവുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മന്ത്രി ആന്റണി രാജു അദ്ധ്യക്ഷനായി. ചലച്ചിത്ര അക്കാ‌ഡമി ചെയർമാൻ രഞ്ജിത്, വൈസ് ചെയർമാൻ പ്രേംകുമാർ, കെ.എസ്.എഫ്.ഡി.സി ചെയർമാൻ ഷാജി എൻ.കരുൺ, മാനേജിംഗ് ഡയറക്ടർ എൻ.മായ, ഡയറക്ടർ ബോ‌ർഡ് അംഗം ബി.അജിത്കുമാർ തുടങ്ങിയവർ സംസാരിച്ചു. പ്രമുഖ ചലച്ചിത്ര പ്രവർത്തകരെയും കെ.എസ്.എഫ്.ഡി.സിയിലെ വിരമിച്ച ഉദ്യോഗസ്ഥരെയും പഴയകാല തിയേറ്റർ ഉടമകളെയും തിയേറ്റർ നിർമ്മാണത്തിൽ സഹായിച്ചവരെയും ചടങ്ങിൽ ആദരിച്ചു. ഉന്നത പരീക്ഷകളിൽ റാങ്ക് നേടിയ കെ.എസ്.എഫ്.ഡി.സി ജീവനക്കാരുടെ മക്കൾക്കും ഉപഹാരങ്ങൾ നൽകി.

ഉദ്ഘാടനച്ചടങ്ങിന് ശേഷം സൗജന്യ സിനിമാ പ്രദർശനവും നടന്നു. ഐ.എഫ്.എഫ്.കെയ്ക്കായി തിയേറ്റർ കൈമാറുന്ന ചടങ്ങും മന്ത്രിമാർ ചേർന്ന് നിർവഹിച്ചു.

നവീകരണ ചെലവ് - 12 കോടി

സജ്ജീകരിച്ചത്

എസ്.എം.പി.ടി.ഇ. മാനദണ്ഡമനുസരിച്ചുള്ള ഏറ്റവും ഉയർന്ന ദൃശ്യാനുഭവം നൽകുന്ന ആർ.ജി.ബി. 4 കെ ലേസർ പ്രോജക്ടറും, ട്രിപ്പിൾ ബീം 3 ഡി യൂണിറ്റുമാണ് മൂന്ന് തിയേറ്ററിലും. 32 ചാനൽ ഡോൾബി അറ്റ്‌മോസ് ഉന്നത നിലവാരത്തിലുള്ള ശബ്ദാനുഭവം നൽകും.

ബേബി റൂം

പ്രത്യേകം സജ്ജമാക്കിയിട്ടുള്ള ബേബി റൂമാണ് മറ്റൊരു പ്രധാന സവിശേഷത. സിനിമാ പ്രദർശനത്തിനിടയിൽ കുഞ്ഞുങ്ങൾ അസ്വസ്ഥരാകുന്നെങ്കിൽ രക്ഷിതാക്കൾക്ക് ബേബി റൂമിനകത്തിരുന്ന് കുഞ്ഞിനെ ശ്രദ്ധിക്കുകയും സിനിമ തുടർന്നു കാണുകയും ചെയ്യാം.