vijesh

പാറശാല: സുഹൃത്തിന്റെ അച്ഛന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത യുവാവിനെ മൂന്ന് പേർ ചേർന്ന് വെട്ടി പരിക്കേല്പിച്ചതായി പരാതി. അയിര വടൂർകോണം കർണ്ണയ്ക്കൽവിള വീട്ടിൽ വിൻസെന്റിന്റെ മകൻ വിജേഷിനാണ് (29) തലയിൽ വെട്ടേറ്റത്. കഴിഞ്ഞ 10ന് കുഴിഞ്ഞാൻവിള വട്ടവിളയിലെ സുഹൃത്തിന്റെ വീടിന് സമീപത്ത് വച്ചായിരുന്നു സംഭവം.

മരണാനന്തര ചടങ്ങുകൾക്കിടെ ഉണ്ടായ തർക്കങ്ങളെ തുടർന്ന് നടന്ന സംഘർഷം പറഞ്ഞുതീർക്കാൻ ശ്രമിച്ചതാണ് വിജേഷിനെ ആക്രമിക്കാൻ കാരണമായത്.

ഒാട്ടോ ‌ഡ്രൈവറായ വിജേഷ് സ്ഥലത്ത് നിന്ന് പോയെങ്കിലും പിന്നീട് രാത്രിയിൽ ഓട്ടോ എടുക്കാനെത്തിയപ്പോഴാണ് സംഘർഷത്തിന് കാരണക്കാരായ മൂന്ന് പേർ ചേർന്ന് മർദിച്ച ശേഷം വെട്ടുകത്തി കൊണ്ട് വിജേഷിന്റെ തലയിൽ വെട്ടിയത്. നാട്ടുകാർ ചേർന്നാണ് ഇയാളെ പാറശാല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പാറശാല പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതികൾ മൂന്ന് പേരും ഒളിവിലാണ്. സംഭവത്തിനെതിരെ വിജേഷിന്റെ അമ്മ നിർമ്മല മുഖ്യമന്ത്രിക്ക് പരാതി നൽകി.