v

തിരുവനന്തപുരം: ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഉൾപ്പെടെയുള്ള എണ്ണ കമ്പനികൾ വൻകിട ഉപഭോക്താക്കൾക്കുള്ള (ബൾക്ക് പർച്ചേസിംഗ്) ഡീസൽ വില ഒറ്റയടിക്ക് 21.10 രൂപ വർദ്ധിപ്പിച്ചു. ഫെബ്രുവരി 17ന് 6.78 രൂപ കൂട്ടിയിരുന്നു. ആകെ വർദ്ധനവ് 27.88 രൂപയായി. എണ്ണ കമ്പനിയുടെ ഈ ഇരുട്ടടി ഏറ്റവും കൂടുതൽ ബാധിക്കുക കെ.എസ്.ആർ.ടി.സിയെയാണ് ആണ്. അന്യായ വില വർദ്ധനവിനെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് ഗതാഗത വകുപ്പിന്റെ തീരുമാനം.

ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ നിന്നാണ് പ്രധാനമായും കെ.എസ്.ആർ.ടി.സി ഡീസൽ വാങ്ങുന്നത്. ഫെബ്രുവരിയിലെ വർദ്ധനവോടെ കെ.എസ്.ആർ.ടി.സി ബൾക്ക് പർച്ചേസിംഗ് അവസാനിപ്പിച്ച് സ്വകാര്യ പമ്പുകളിൽ നിന്നുൾപ്പെടെ ‌ബസുകളിൽ ‌ഡീസൽ നിറച്ചു തുടങ്ങിയിരുന്നു.

ഇപ്പോഴത്തെ വില വർദ്ധനവോടെ വൻകിട ഉപഭോക്താക്കൾക്ക് ഒരു ലിറ്റർ ‌ഡീസലിന് 121.36 രൂപ നൽകേണ്ടി വരും. ഇത് പ്രകാരം ഡീസൽ വാങ്ങിയാൽ പ്രതിദിനം 75 ലക്ഷം മുതൽ 84 ലക്ഷം രൂപ വരെ അധികമായി കെ.എസ്.ആർ.ടി.സി കണ്ടെത്തണം.

റീട്ടെയിൽ ‌എണ്ണ വില വർദ്ധിപ്പിക്കാതെയാണ് എണ്ണ കമ്പനികൾ വൻകിട ഉപഭോക്താക്കൾക്കുള്ള വില കൂട്ടുന്നത്. ചില്ലറ വിലയും ഉടൻ വർദ്ധിപ്പിക്കുമെന്നതിന്റെ സൂചനയാണിത്.

 ഡീസൽ റിട്ടെയിൽ വില (തിരുവനന്തപുരം) 93.47 രൂപ / ലിറ്റർ

 ബൾക്ക് പർച്ചേസ് വില 121.36 രൂപ / ലിറ്റർ