 ബന്ധുക്കളുടെ പിഴവെന്ന് പൊലീസ്

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ വാഹന അപകടത്തിൽപ്പെട്ടയാളുടെ മൃതദേഹം മാറി സംസ്‌കരിച്ചു. ഒറ്റശേഖരമംഗലം ചേന്നാട് ലാവണ്യയിൽ ലാൽമോഹന്റെ (34)​ മൃതദേഹത്തിന് പകരം പ്രവച്ചമ്പലം ഇടയ്ക്കോട് നെടുവിള വീട്ടിൽ ബാബുവിന്റെ (54)​ മൃതദേഹമാണ് ലാൽമോഹന്റെ ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്‌കരിച്ചത്. ബന്ധുക്കൾക്ക് സംഭവിച്ച പിഴവാണെന്നാണ് പൊലീസ് വാദം. അപകടത്തിൽ ചികിത്സയിൽ കഴിഞ്ഞ ലാൽമോഹൻ ഇന്നലെയാണ് മരിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ നേമത്തുവച്ച് ഓട്ടോ ഡ്രൈവറായ ബാബുവിനും വൈകിട്ട് മേട്ടുക്കടയിൽ വച്ച് ലാൽമോഹനും അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. നാട്ടുകാർ മെഡിക്കൽ കോളേജ് ആശുപത്രിലെത്തിച്ച രണ്ടുപേരെയും ഐ.സി.യുവിലേക്ക് മാറ്റി.

വെള്ളിയാഴ്ച വൈകിട്ട് ലാൽമോഹന്റെ ബന്ധുക്കൾ ആശുപത്രിയിലെത്തി. ചികിത്സയിലുള്ള ബാബുവിനെ ലാൽമോഹനാണെന്ന് തെറ്റിദ്ധരിച്ച ബന്ധുക്കൾ ഇക്കാര്യം ഡോക്ടറോട് പറഞ്ഞു. അടുത്തദിവസം ബാബു മരിച്ചു. ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞ സാഹര്യത്തിൽ മലയിൻകീഴ് പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി പോസ്റ്റുമോർട്ടം നടത്തിയ മൃതദേഹം ലാൽമോഹന്റെ ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്‌കരിച്ചു. മൂന്നു ദിവസമായിട്ടും ബാബുവിനെ കാണാത്തതിനാൽ ബന്ധുക്കൾ നേമം പൊലീസിൽ പരാതി നൽകി. അന്വേഷണത്തിനൊടുവിലാണ് ബാബുവിന്റെ മൃതദേഹം മലയിൻകീഴുകാർ സംസ്‌കരിച്ചതായി പൊലീസിന് മനസിലായത്.

പൊലീസിന്റെ നിർദേശപ്രകാരമെത്തിയ ബന്ധുക്കൾ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം പരിശോധിച്ചപ്പോഴാണ് മോർച്ചറിയിൽ ഇപ്പോഴുമുള്ളത് ലാൽമോഹന്റെ മൃതദേഹമാണെന്ന് മനസിലായത്. ബന്ധുക്കൾ പരിക്കേറ്റവരെ തിരിച്ചറിയുന്നതിലുണ്ടായ പിഴവാണ് വിവാദങ്ങൾക്കിയായതെന്നാണ് പൊലീസ് പറയുന്നത്. ലാൽമോഹന്റെ മൃതദേഹം പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വീണ്ടും സംസ്‌കരിക്കേണ്ടി വരും. ബന്ധുക്കൾ പറ്റിയ പിഴവ് തന്നെയാണെന്നാണ് മെഡിക്കൽ കോളേജ് അധികൃതരും പറയുന്നത്. ആശുപത്രി അധികൃതരും പൊലീസും സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.