
വിതുര: കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്റെ നേതൃത്വത്തിൽ ഗോത്ര വർഗ്ഗ മേഖലയിലെ കുട്ടികളുടെ ആരോഗ്യം, വിദ്യാഭ്യാസം, സുരക്ഷ, സാംസ്ക്കാരിക ഉന്നമനം തുടങ്ങിയ മേഖലകളിൽ ബോധവത്കരണം നടത്തുന്നതിനും കുട്ടികളുടെ അവകാശ സംരക്ഷണത്തെക്കുറിച്ച് അവബോധമുണ്ടാക്കുന്നതിനുമായി 'കരുതൽ '2022 'എന്ന പേരിൽ സംസ്ഥാനമാകെ നടത്തിവരുന്ന അവബോധന പരിപാടി തിരുവനന്തപുരം ജില്ലയിൽ വിതുര പഞ്ചായത്തിൽ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.
വിതുര പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.എസ്. ബാബു രാജ് അദ്ധ്യക്ഷതവഹിച്ചു. കേരള, സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ.വി. മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എൽ.കൃഷ്ണകുമാരി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ജുഷാആനന്ദ്, കല്ലാർ വാർഡ്മെമ്പർ സുനിത,എന്നിവർ പങ്കെടുത്തു. വിതുര പഞ്ചായത്തിന്റെ സഹകരണത്തോടെ നടത്തിയ പരിപാടിയിൽ ആരോഗ്യവകുപ്പ്, കേരളപൊലീസ് എക്സൈസ് വകുപ്പ് വനം വകുപ്പ്, പട്ടികവർഗ്ഗ വികസന വകുപ്പ് മേധാവികളും പങ്കെടുത്തു. പരിപാടിയിൽ വിതുര പഞ്ചായത്തിലെ വിവിധ ആദിവാസി ഊരുകളിൽ നിന്നുള്ള 200 കുട്ടികൾ പങ്കെടുത്തു. ആദിവാസിമേഖലകളിൽ ലഹരിവില്പന സംഘങ്ങൾ ഭീതി പടർത്തുന്നതായി കുട്ടികൾ പറഞ്ഞു. പ്രശ്നത്തിൽ അടിയന്തരനടപടികൾ സ്വീകരിക്കുമെന്ന് ബാലാവകാശകമ്മീഷൻ അറിയിച്ചു.