
30 കോടി
മാസ്റ്റർ പ്ലാനിന് ബഡ്ജറ്റിൽ
വകയിരുത്തിയത്
തിരുവനന്തപുരം: ശബരിമല മാസ്റ്റർ പ്ലാനുമായി ബന്ധപ്പെട്ട് നിർമ്മാണങ്ങൾക്കുള്ള പുതിയ ലേ ഔട്ട് പ്ലാനിന്റെ ആദ്യഘട്ടം തിരുവനന്തപുരം ഗവ. എൻജിനിയറിംഗ് കോളേജ് (സി.ഇ.ടി) സമർപ്പിച്ചു. പമ്പയിലെ പാലവും സന്നിധാനത്തെ നിവേദ്യം കൗണ്ടറും അടക്കമുള്ളവയാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഹിൽടോപ്പിൽ നിന്ന് പമ്പ ഗണപതി ക്ഷേത്രത്തിന് സമീപം കടക്കുന്ന തരത്തിലാണ് പാലം നിർമ്മിക്കുന്നത്. 165 മീറ്റർ പാലത്തിന് 15 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു.
ലേ ഔട്ട് പ്ലാൻ ടെക്നിക്കൽ കമ്മിറ്റി ചർച്ച ചെയ്‌ത ശേഷം അംഗീകാരത്തിനായി ഹൈപവർ കമ്മിറ്റിക്ക് സമർപ്പിക്കും. 23നാണ് ഹൈപവർ കമ്മിറ്റി കൂടുക.
2020ൽ ചെന്നൈയിലെ കമ്പനി തയ്യാറാക്കിയ ലേ ഔട് പ്ലാനിൽ വനംവകുപ്പും കേന്ദ്ര പരിസ്ഥിതി മന്ത്രാലയവും തർക്കം ഉന്നയിച്ചതിനെ തുടർന്നാണ് പ്ലാൻ പരിഷ്കരിച്ച് പുതിയത് തയ്യാറാക്കാൻ തീരുമാനിച്ചത്. നിലയ്ക്കലിൽ ലേ ഔട്ട് പ്ലാൻ മികച്ച രീതിയിൽ പൂർത്തിയാക്കിയ സി.ഇ.ടിയെ തന്നെ സന്നിധാനത്തെ പ്ലാൻ തയാറാക്കാനും ചുമതലപ്പെടുത്തുകയായിരുന്നു.
രണ്ടാംഘട്ടം രണ്ടു മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് സി.ഇ.ടി ദേവസ്വം വകുപ്പിനെ അറിയിച്ചു. ആറുമാസമാണ് പ്ലാൻ പൂർത്തിയാക്കാനുള്ള കാലാവധി.
അടുത്ത 50 വർഷത്തെ വികസനം മുന്നിൽക്കണ്ടാണ് മാസ്റ്റർ പ്ലാനിന് രൂപം നൽകിയിരിക്കുന്നത്. ശബരിമലയുടെ പാരിസ്ഥിതിക പ്രത്യേകത നിലനിറുത്തി ഭക്തർക്ക് കൂടുതൽ സൗകര്യങ്ങളേർപ്പെടുത്തും.