കല്ലമ്പലം: കൃഷിക്കും മൃ​ഗസംരക്ഷണത്തിനും ആരോ​ഗ്യമേഖലയ്ക്കും ഭവനമേഖലയ്ക്കും ഊന്നൽ നൽകി നാവായിക്കുളം പഞ്ചായത്ത് ബഡ്ജറ്റ്. ബഡ്ജറ്റ് പ്രഖ്യാപന ചടങ്ങിൽ പ്രസിഡന്റ് ബേബി രവീന്ദ്രൻ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് എസ്.സാബു ബഡ്ജറ്റ് അവതരിപ്പിച്ചു. 45,13,23,879 രൂപ വരവും, 34,41,15,200 ചെലവും 10,72,08, 679 മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബഡ്ജറ്റ്. ബഹുതല സ്പർശിയായ വികസനമാണ് ബഡ്ജറ്റ് ലക്ഷ്യമിടുന്നതെന്ന് വൈസ് പ്രസിഡന്റ് പറഞ്ഞു. തരിശ് രഹിത നെൽകൃഷി ആരംഭിക്കുന്നതിന്റെ ഭാ​ഗമായി പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ അ‍ഞ്ചേക്കർ തരിശ് നിലം ഏറ്റെടുത്ത് കൃഷിയിറക്കാൻ ബഡ്ജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. ഭവന നിർമ്മാണത്തിന് നാലുകോടി രൂപയും രണ്ട് വർഷം കൊണ്ട് പൂർത്തീകരിക്കാൻ ലക്ഷ്യമിട്ട് കമ്യൂണിറ്റി ഹാൾ കം ഷോപ്പിം​ഗ് കോംപ്ലക്സ് പണിയുന്നതിന് ആദ്യഘട്ടമായി 40 ലക്ഷം രൂപയും വകയിരിത്തിയിട്ടുണ്ട്.