vl-d1

വെള്ളറട: വസ്‌തുതർക്കത്തിന്റെ പേരിൽ സഹോദരങ്ങളെ ലോറിയിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾ റിമാൻഡിൽ. വെള്ളറട ആറാട്ടുകുഴി പുന്നക്കുന്നുവിള വീട്ടിൽ ഗഗൻദീപ് (30),​ കാരമൂട് മഞ്ചുഭവനിൽ മനു (24)​,​ വാവോട് കല്ലടവീട്ടിൽ ജോൺ ജപകുമാർ (30)​,​ ആസാം സ്വദേശി ബപ്പൻ ദേവ്നാഥ് (24)​ എന്നിവരാണ് റിമാൻഡിലായത്.

ഇക്കഴിഞ്ഞ ഞായറാഴ്ച പുന്നക്കുന്നുവിള വീട്ടിൽ കുമാരി,​ സഹോദരൻ ഗഹൻദീപ് എന്നിവരെയാണ് പ്രതികൾ ആക്രമിച്ചത്. രണ്ട് ബൈക്കുകളിലെത്തിയ സംഘം ഇവർ സഞ്ചരിച്ചിരുന്ന കാർ തടഞ്ഞുനിറുത്തി. തർക്കത്തിനിടെ ഗഗൻദീപ് സമീപത്ത് പാർക്ക് ചെയ്‌തിരുന്ന ഇയാളുടെ ലോറി പിന്നോട്ടെടുത്ത് കാറിന്റെ പിറകിൽ ഇടിച്ചു. കാർ നീങ്ങുന്നതിനിടെ കുമാരിയും ഗഹൻദീപും രക്ഷപ്പെടുകയായിരുന്നു. എന്നാൽ അക്രമിസംഘം ഇവരെ വീണ്ടും മർദ്ദിച്ചു. തുടർന്ന് സംഭവസ്ഥലത്തെത്തിയ വെള്ളറട പൊലീസ് ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റുചെയ്‌തത്.