
തിരുവനന്തപുരം: സിനിമയിലേക്ക് വരാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളെയാണ് ഈ ചലച്ചിത്ര മേള ഫോക്കസ് ചെയ്യുന്നതെന്നും വിദ്യാർത്ഥികളിൽ നിന്ന് ചലച്ചിത്ര പ്രതിഭകൾ ഉയർന്നുവരണമെന്നും ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത് കേരളകൗമുദിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മേളയ്‌ക്ക് സ്ഥിരം വേദിയായി ഫെസ്റ്റിവൽ കോംപ്ലക്സ് വേണമെന്നും അദ്ദേഹം പറഞ്ഞു.
സംവിധായകൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നിങ്ങനെ സിനിമയിൽ നിറഞ്ഞു നിൽക്കുന്ന രഞ്ജിത്ത് ചലച്ചിത്ര അക്കാഡമി ചെയർമാൻ ആയതിനു ശേഷം വരുന്ന ആദ്യമേളയാണിത്.
കൊവിഡ് ലോകത്താകെ സിനിമയെ പ്രതിസന്ധിയിലാക്കി. ഇത് നല്ല സിനിമകൾ തിരഞ്ഞെടുക്കുന്നതിനെ ബാധിച്ചോ?
ഇത് കഴിഞ്ഞ ഡിസംബറിൽ നടക്കേണ്ടിയിരുന്ന മേളയാണ്. കമൽ ചെയമാനായിരുന്നപ്പോഴാണ് സിനിമകൾ തിരഞ്ഞെടുത്തത്. മേള നന്നായി നടത്തുകയാണ് എന്റെ ദൗത്യം.
ചെയർമാനെന്ന നിലയിൽ മേളയുടെ നടത്തിപ്പിൽ മാറ്റം വേണമെന്നു തോന്നിയിട്ടുണ്ടോ?
മാറ്റം എന്നത് നല്ല സിനിമകളുണ്ടാവുക എന്നതാണ്. പതിനായിരത്തോളം ഡെലിഗേറ്റുകൾ വരുന്നു. നല്ല സിനിമകൾ ലഭിച്ചാൽ അവർ തൃപ്തിപ്പെടും. 18നും 23നും ഇടയ്ക്ക് പ്രായമുള്ള മൂവായിരത്തോളം വിദ്യാർത്ഥികൾ മേളയുടെ ഭാഗമാവുന്നുണ്ട്. അവരെയാണ് ആകർഷിക്കേണ്ടത്. അവരിൽ നിന്ന് നല്ല ഫിലിം മേക്കേഴ്സ് ഉണ്ടാകണമെന്ന ആഗ്രഹത്തിലാണ് മേള കൊണ്ടു പോകുന്നത്.
നമ്മുടെ മേളയുടെ പ്രത്യേകത?
ലോകത്ത് ഇത്രയും ആളുകൾ കൂടുന്ന ഏക ചലച്ചിത്രമേളയാണിത്. അതാണ് പ്രത്യേകത. ഏഴ് ദിവസം തിരുവനന്തപുരം സിനിമാസ്വാദനത്തിന്റെ ലഹരിയിലാവും.
സിനിമകളുടെ നിലവാരത്തിൽ മറ്റ് മേളകൾക്കൊപ്പം നിൽക്കാൻ പരിമിതികൾക്കുള്ളിൽ നിന്ന് നമ്മൾ ശ്രമിക്കുന്നുണ്ട്. സാമ്പത്തിക സഹായം നൽകി സർക്കാർ ഒപ്പമുണ്ട്.
ഫെസ്റ്റിവൽ കോപ്ലക്സ് വേണോ?
ഫെസ്റ്റിവൽ കോപ്ലക്സ് തീർച്ചയായും വേണം. എന്റെ കാലാവധി കഴിയും മുമ്പ് അതിന് തുടക്കമിടണമെന്നാണ് ആഗ്രഹം. മുഖ്യമന്ത്രിയുമായും സാംസ്‌കാരിക മന്ത്രിയുമായും സംസാരിച്ചിട്ടുണ്ട്. മേളയുടെ ഫണ്ടിൽ നിന്ന് വലിയൊരു തുകയാണ് സ്വകാര്യ തിയേറ്ററുകൾക്ക് നൽകുന്നത്. ലോകത്തെ എല്ലാ പ്രശസ്ത മേളകൾക്കും സ്ഥിരം വേദിയായി ഒരു നഗരത്തിന്റെ മേൽവിലാസം ഉണ്ടാകും. മേള കഴിഞ്ഞാൽ അത് സർക്കാരിനോ ടൂറിസം വകുപ്പിനോ പ്രയോജനപ്പെടുത്താം. അല്ലെങ്കിൽ മുഖ്യധാരാ സിനിമകൾക്ക് കൊടുക്കാം. നാടകങ്ങൾ, സംഗീത പരിപാടികൾ തുടങ്ങിയവ നടത്താവുന്ന സംസാകാരിക സമുച്ചയമാകണം ഫെസ്റ്റിവൽ കോംപ്ലെക്‌സ്. അക്കാഡമി അതിനായി പരിശ്രമിക്കുകയാണ്. സർക്കാർ കൂടെയുണ്ടെങ്കിൽ സാദ്ധ്യമാവും.