ss

ആര്യനാട്: മലയോരമേഖലയിലെ പ്രധാന കേന്ദ്രമായ ആര്യനാട് പാലം ജംഗ്ഷനിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. നെടുമങ്ങാട്-വിതുര-കാട്ടാക്കട എന്നിവിടങ്ങളിൽ നിന്നും വരുന്ന മൂന്ന് റോഡുകളാണ് ഇടുങ്ങിയ പാലം ജംഗ്ഷനിൽ സംഗമിക്കുന്നത്. ഈ ജംഗ്ഷനിലെ തോന്നിയ പടിയുള്ള പാഹന പാർക്കിംഗും അനധികൃതമായുള്ള നിരവധി ഓട്ടോ സ്റ്റാൻഡുകളുമാണ് ആര്യനാട് ജംഗ്ഷനിലെ ഗതാഗതക്കുരുക്കിന് കാരണമാക്കുന്നത്.

രാവിലേയും വൈകുന്നേരങ്ങളിലും വിവിധ പ്രദേശങ്ങളിൽ നിന്നായി എത്തുന്നവരാണ് ഇവിടത്തെ കുരുക്കിൽ വലയുന്നത്. ഇതിൽ പ്രധാനം ആര്യനാട് പൊലീസ് സ്റ്റേഷന് തൊട്ടുമുന്നിലുള്ള പോസ്റ്റ് ഓഫീസ് ജംഗ്‌ഷൻ മുതൽ കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് മുന്നിൽ വരെയുള്ള അനധികൃത പാർക്കിംഗാണ്. ആര്യനാട് ഡിപ്പോയിൽ നിന്നും കാട്ടാക്കാട ഭാഗത്തേക്ക് പോകുന്ന ബസ്സുകൾ വളരെ സമയമെടുത്ത് വേണം പലപ്പോഴും ആര്യനാട് ജംഗ്ഷൻ കടന്നുപോകാൻ. സമീപത്തായുള കാഞ്ഞിരംമൂട് ജംഗ്ഷനിലും സ്ഥിതി വ്യത്യസ്ഥമല്ല.

സ്പെഷ്യൽ പാക്കേജ് റോഡിൽ രണ്ട് വരിപ്പാതയായ റോഡിന്റെ വശങ്ങളിൽ രാവിലെ മുതൽ തന്നെ വാഹനങ്ങൾ നിറയും. പിന്നെ എതിർദിശയിൽ വലിയ രണ്ട് വാഹനങ്ങൾ എത്തിയാൽ പെട്ടതുതന്നെ. സമീപത്തെ ആര്യനാട് ആശുപത്രിയിൽ എത്തുന്നതിന് ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് പോലും പലപ്പോഴും അനധികൃത പാർക്കിംഗ് കാരണം കടന്നുപാകാൻ കഴിയാത്ത അവസ്ഥയാണ്. ബിവറേജ് കോർപ്പറേഷന്റെ മദ്യശാലയിൽ എത്തുന്നവരുടെ വാഹനങ്ങളാണ് പി.ഡബ്ലിയു.ഡി ഓഫീസിന് മുന്നിലെ ഗതാഗതകുരുക്കിന് കാരണമാക്കുന്നത്.