തിരുവനന്തപുരം: മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറുടെ ഒത്താശയോടെ റിട്ട.എസ്.ഐയെ മദ്യപിച്ച് വാഹനമോടിച്ചെന്ന കേസിൽ കുടുക്കിയ സംഭവത്തിൽ റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി തുടരന്വേഷണം നടത്താൻ മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് പൊലീസ് മേധാവിക്ക് ഉത്തരവ് നൽകി. കേസിൽ ആറ്റിങ്ങൽ കോടതിയിലെ വിചാരണ നിറുത്തണമെന്നും സ്വീകരിച്ച നടപടികൾ മേയ് 5നകം കമ്മിഷനെ അറിയിക്കണമെന്നും നിർദ്ദേശമുണ്ട്.
2019 മേയ് 30ന് ഉച്ചയ്‌ക്ക് നാവായിക്കുളം 28-ാം മൈലിലുണ്ടായ വാഹനാപകടത്തിലാണ് റിട്ട.എസ്.ഐ ജി. ഗോപാലകൃഷ്ണക്കുറുപ്പിനെതിരെ കല്ലമ്പലം പൊലീസ് കേസെടുത്തത്. രക്തപരിശോധന നടത്താതെ മണമ്പൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ, താൻ മദ്യപിച്ചതായി സർട്ടിഫിക്കറ്റ് കൊടുത്തെന്നാണ് റിട്ട.എസ്.ഐയുടെ പരാതി. ആറ്റിങ്ങൽ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറുടെ സ്വാധീനത്തിന് വഴങ്ങിയാണ് കല്ലമ്പലം സി.ഐ കേസെടുത്തതെന്നും ഗോപാലകൃഷ്‌ണക്കുറുപ്പിന്റെ പരാതിയിലുണ്ട്. പരാതിക്കാരന്റെ ശ്വാസത്തിൽ മദ്യത്തിന്റെ ഗന്ധമുണ്ടെന്നാണ് ഡോക്ടർ രേഖപ്പെടുത്തിയതെന്നും രക്ത പരിശോധന നടത്തിയില്ലെന്നും കമ്മിഷന്റെ അന്വേഷണത്തിൽ കണ്ടെത്തി.
അപകടത്തിൽപ്പെട്ട വാഹനത്തിന്റെ ആർ.സി ഉടമ ആറ്റിങ്ങൽ എം.വി.ഐയുടെ ഭാര്യാപിതാവായിരുന്നു. അപകടസമയത്ത് എം.വി.ഐയുടെ ഭാര്യ കാറിലുണ്ടായിരുന്നു. അസാധാരണ വേഗത്തിലാണ് കേസ് കോടതിയിലെത്തിച്ചതെന്നും അന്വേഷണത്തിൽ കണ്ടെത്തി. ആറ്റിങ്ങൽ എം.വി.ഐ പൊലീസ് സ്റ്റേഷനിലെത്തിയതിന് പിന്നിൽ പൊലീസുകാരെ സ്വാധീനിക്കാനാണെന്നും കല്ലമ്പലം സ്റ്റേഷനിലെടുത്ത കേസ് ദുരൂഹമാണെന്നും അന്വേഷണ റിപ്പോർട്ടിലുണ്ട്. കേസിൽ നിരവധി പിഴവുകളും അപാകതകളുമുണ്ടെന്നും റിട്ട.എസ്.ഐയെ മനപ്പൂർവം പ്രതിയാക്കിയതാണെന്ന വാദത്തിൽ കഴമ്പുണ്ടെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി.