തിരുവനന്തപുരം: ലത്തീൻ അതിരൂപത നിയുക്ത മെത്രാപ്പൊലീത്ത ഡോ.തോമസ് ജെ.നെറ്റോയുടെ സ്ഥാനാരോഹണ ചടങ്ങിന് തലസ്ഥാനം ഒരുങ്ങി. നാളെ വൈകിട്ട് 4.45ന് ചെറുവെട്ടുകാട് സെന്റ് സെബാസ്റ്റ്യൻ ഗ്രൗണ്ടിലാണ് മെത്രാഭിഷേക ചടങ്ങുകൾ. 4 മണിക്ക് നിശ്ചയിച്ചിരുന്ന ചടങ്ങുകൾ കാലാവസ്ഥ പരിഗണിച്ചാണ് 4.45ലേക്ക് മാറ്റിയത്. അതിരൂപതാദ്ധ്യക്ഷ സ്ഥാനത്തു നിന്ന് വിരമിക്കുന്ന ആർച്ച് ബിഷപ്പ് ഡോ. എം.സൂസപാക്യം മുഖ്യകാർമ്മികനാകുന്ന ചടങ്ങിൽ ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് ലിയോ പോള്‍ഡ് ജിറെല്ലി സന്ദേശം നൽകുമെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായമെത്രാൻ ഡോ.ക്രിസ്‌തുദാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വരാപ്പുഴ അതിരൂപതാദ്ധ്യക്ഷൻ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, നെയ്യാറ്റിൻകര രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ.വിൻസെന്റ് സാമുവൽ എന്നിവർ സഹകാർമ്മികരാകും. കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ വചനസന്ദേശം നൽകും. വിവിധ രൂപതാദ്ധ്യക്ഷന്മാരും മുന്നൂറിലധികം വൈദികരും പങ്കെടുക്കും.
ഞായറാഴ്ച വൈകിട്ട് 4.30ന് പാളയം സെന്റ് ജോസഫ് സ്‌കൂൾ അങ്കണത്തിൽ ഒരുക്കിയിരിക്കുന്ന അനുമോദന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സാമൂഹിക - സാംസ്‌കാരിക - ആത്മീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും. സഹായമെത്രാൻ ഡോ.ക്രിസ്‌തുദാസ് ചെയർമാനായ സംഘാടക സമിതിയാണ് ഒരുക്കങ്ങൾക്ക് നേതൃത്വം നൽകുന്നത്.