1

വിഴിഞ്ഞം: ചപ്പാത്ത് പുന്നക്കുളം റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ ടിപ്പർ ലോറികളെ തടഞ്ഞു. വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതിയോടനുബന്ധിച്ച പാറ കയറ്റി വരുന്ന ലോറികളുടെ ഓട്ടത്തിൽ തകർന്ന റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് മുൻപ് നടത്തിയ പ്രതിഷേധത്തിൽ നൽകിയ ഉറപ്പ് പാലിക്കാത്തതിനെ തുടർന്നാണ് ഇന്നലെ രാവിലെ വളവ് നടക്ക് സമീപം കോൺഗ്രസ് ചപ്പാത്ത് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോറികൾ തടഞ്ഞത്.

ജില്ലാ പഞ്ചായത്ത് അംഗം വിനോദ് കോട്ടുകാൽ, കോട്ടുകാൽ ഗ്രാമപഞ്ചായത്ത് അംഗം പ്രവീൺകുമാർ, വേങ്ങപ്പൊറ്റ അബ്ബാസ്, പുന്നക്കുളം ബിനു എന്നിവർ നേതൃത്വം നൽകി. വലിയ കരിങ്കൽ ലോഡുമായി ടിപ്പറുകൾ പോകുന്ന ചപ്പാത്ത് മുതൽ വളവുനട വരെയുള്ള റോഡു നിറയെ വലിയ കുഴികളാണ്. ഇരുചക്രവാഹനങ്ങളുൾപ്പെടെ ഇതിൽ വീണു അപകടത്തിൽ പെടുന്നത് നിത്യ സംഭവമെന്ന് സമരക്കാർ പരാതിപ്പെട്ടു. പി.ഡബ്ല്യു.ഡി അസി.എൻജിനീയറുടെ സാന്നിധ്യത്തിൽ അറ്റകുറ്റപ്പണി നടത്തി 10 ദിവസത്തിനുള്ളിൽ പുതുക്കിപ്പണിയാമെന്നും ഉറപ്പു നൽകിയതിനെ തുടർന്ന് സമരക്കാർ പിരിഞ്ഞു പോയി.