
തിരുവനന്തപുരം: സംസ്ഥാനത്ത് ടൂറിസം വികസനത്തിന് സഹായകമാകുന്ന ജലവിമാന പദ്ധതി സ്വകാര്യ ഏജൻസികളുടെ സഹായത്തോടെ പരീക്ഷിക്കാനൊരുങ്ങി കെ.എസ്.ഇ.ബി. താത്പര്യപത്രം ക്ഷണിച്ചു. കെ.എസ്.ഇ.ബിയുടെ അണക്കെട്ടുകളിലാകും കരയിലും ജലത്തിലും പറക്കുന്ന വിമാനങ്ങൾ പരീക്ഷിക്കുന്നത്. തുടക്കത്തിൽ മൂന്നാറിലെ മാട്ടുപ്പെട്ടി അണക്കെട്ടിനെയും വയനാട്ടിലെ ബാണാസുരസാഗർ അണക്കെട്ടിനെയും ബന്ധപ്പെടുത്തിയാകും നടപ്പാക്കുക. ടൂറിസ്റ്റുകളെ കൂടുതലായി ആകർഷിക്കുകയാണ് ലക്ഷ്യം.
നേരത്തെ കായലുകളിൽ ജലവിമാനം ഓടിക്കാൻ ടൂറിസം വകുപ്പ് ശ്രമിച്ചിരുന്നെങ്കിലും മത്സ്യത്തൊഴിലാളികളുടെ എതിർപ്പുമൂലം നടന്നിരുന്നില്ല. ഉൾനാടൻ മത്സ്യബന്ധനത്തെ തകർക്കുമെന്ന് ആരോപിച്ചായിരുന്നു എതിർപ്പ്. അന്ന് ഒരുവട്ടം പരീക്ഷണപ്പറക്കലും നടത്തിയിരുന്നു. അണക്കെട്ടുകളിലാകുമ്പോൾ എതിർപ്പുണ്ടാകില്ലെന്നത് കണക്കിലെടുത്താണ് കെ.എസ്.ഇ.ബി പദ്ധതിയുമായി രംഗത്തെത്തുന്നത്.
നടത്തിപ്പ് സ്വകാര്യ ഏജൻജികളെ ഏൽപ്പിക്കും. സിവിൽ ഏവിയേഷനിൽ നിന്നുൾപ്പെടെ അനുമതിവാങ്ങേണ്ടതും അടിസ്ഥാന സൗകര്യമൊരുക്കേണ്ടതും സുരക്ഷാ ലൈസൻസുകൾ വാങ്ങേണ്ടതും ഇവരുടെ ചുമതലയായിരിക്കും. വിമാനങ്ങളും അവർ ഏർപ്പെടുത്തണം. 14 സീറ്റുകളുള്ള വിമാനമാകും തുടക്കത്തിൽ ഓടിക്കുക. അടിസ്ഥാന സൗകര്യമൊരുക്കാൻ പത്തുകോടി ചെലവാകും. ചില സ്ഥാപനങ്ങൾ കെ.എസ്.ഇ.ബിയെ സമീപിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.
വരുമാനം കിട്ടും, ചെലവില്ല
കെ.എസ്.ഇ.ബിക്ക് ഒട്ടും സാമ്പത്തിക ബാദ്ധ്യത ഉണ്ടാകാതെ വരുമാനം ലഭിക്കുന്ന രീതിയിലാകും പദ്ധതി നടപ്പാക്കുക. ജലവിമാനത്തിൽ കയറാനെത്തുന്നവരിൽ നിന്ന് സ്വകാര്യ ഏജൻസികൾ ഈടാക്കുന്ന ടിക്കറ്റ് നിരക്കിന്റെ നിശ്ചിത ശതമാനം കെ.എസ്.ഇ.ബിക്ക് നൽകണം എന്നതാകും കരാർ.