1

പോത്തൻകോട്: നാല്പതോളം ക്രിമിനൽ കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കഠിനംകുളം പഞ്ചായത്ത് ഓഫീസിന് സമീപം ലക്ഷംവീട്ടിൽ പഞ്ചായത്ത് ഉണ്ണി എന്ന് വിളിക്കുന്ന രതീഷിനെയാണ് (39) കാപ്പ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം റൂറൽ എസ്.പി ദിവ്യ വി.ഗോപിനാഥിന്റെ ശുപാർശ പ്രകാരം തിരുവനന്തപുരം ജില്ലാ കളക്ടർ നവജ്യോത് ഖോസയാണ് കാപ്പ ഉത്തരവ് പുറപ്പെടുവിച്ചത്. ആറ്റിങ്ങൽ ഡിവൈ.എസ്.പി ഡി. സുനീഷ് ബാബു, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി സ്റ്റുവർട്ട് കീലർ എന്നിവരുടെ മേൽനോട്ടത്തിൽ കഠിനംകുളം സി.ഐ അൻസാരി, എസ്.ഐമാരായ വി.എസ്. ബിനീഷ്, സജു, ജില്ലാ കാപ്പാ സെല്ലിലെ പ്രതിഭ, ഗിരീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കഴക്കൂട്ടം, മംഗലപുരം പൊലീസ് സ്റ്റേഷനുകളിൽ 2021ൽ രണ്ട് ക്രിമിനൽ കേസുകളിൽ അറസ്റ്റിലായ ശേഷം ജാമ്യമെടുത്ത് പല സ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞു വരവേയാണ് അറസ്റ്റ്. തിരുവനന്തപുരം റൂറൽ ജില്ലയിലെ ഗുണ്ടകൾക്കും സാമൂഹ്യ വിരുദ്ധർക്കും എതിരായ പൊലീസിന്റെ ശക്തമായ നടപടികളുടെ ഭാഗമായാണ് ഇയാൾക്കെതിരെ കാപ്പ ചുമത്തിയത്.