തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച രോഗിയുടെ മൃതദേഹം മാറി സംസ്‌കരിച്ച വിഷയത്തിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഒരേ ദിവസമുണ്ടായ അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിച്ച ലാൽമോഹൻ,​ ബാബു എന്നിവരാണ് ചികിത്സയിലിരിക്കെ മരിച്ചത്.

സംഭവത്തെക്കുറിച്ച് ആശുപതി അധികൃതരുടെ വിശദീകരണമിങ്ങനെ: മാർച്ച് 11നുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരാളെ മെഡിക്കൽ കോളേജ് ബേൺസ് ഐ.സി.യുവിലും മറ്റൊരു രോഗിയെ സർജിക്കൽ ഐ.സി.യുവിലും പ്രവേശിപ്പിച്ചു. ഇരുവരെയും കുറിച്ച് അധികൃതർക്ക് അറിയില്ലായിരുന്നു. ചികിത്സയിലിരിക്കെ തൊട്ടടുത്ത ദിവസം ബേൺസ് ഐ.സി.യുവിൽ കിടന്ന രോഗി മരിച്ചു. തുടർന്ന് ആശുപത്രി അധികൃതർ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. ഇതുപ്രകാരം മലയിൻകീഴ് പൊലീസ് ബന്ധുക്കളുമായെത്തി മൃതദേഹം ഒറ്റശേഖരമംഗലം സ്വദേശി ലാൽമോഹന്റേതാണെന്ന് (34) സ്ഥിരീകരിച്ചു. മലയിൻകീഴ് പൊലീസിന്റെ അപേക്ഷ പ്രകാരം 12ന് മൃതദേഹം പോസ്റ്റമോർട്ടം നടത്തിയശേഷം മൃതദേഹം ഏറ്റുവാങ്ങി ബന്ധുക്കൾ സംസ്‌കാരം നടത്തി.

അതേദിവസം അഡ്മിറ്റ് ചെയ്‌ത രണ്ടാമത്തെയാൾ 16ന് സർജിക്കൽ ഐ.സി.യുവിൽ മരിച്ചു. ഇത് നരുവാമൂട് സ്വദേശി ബാബുവാകാമെന്ന സംശയത്താൻ നേമം പൊലീസും ബന്ധുക്കളും മോർച്ചറിയിലെത്തിയപ്പോഴാണ് ബാബുവല്ലെന്ന് തിരിച്ചറിഞ്ഞത്. തുടർന്നുള്ള അന്വേഷണത്തിലാണ് 12ന് മരിച്ചത് നരുവാമൂട് സ്വദേശി ബാബുവാണെന്നും (55) ലാൽമോഹന്റേതാണെന്ന് തെറ്റിദ്ധരിച്ച് ബാബുവിന്റെ മൃതദേഹമാണ് ലാൽമോഹന്റെ ബന്ധുക്കൾ കൊണ്ടുപോയതെന്നും തിരിച്ചറിഞ്ഞത്.

ഇൻക്വസ്റ്റ് റിപ്പോർട്ടിലേത് പ്രകാരം മൃതദേഹത്തിന് 34 അല്ല, 50 വയസിനുമുകളിൽ പ്രായമുണ്ടെന്ന് ബന്ധുക്കളോട് പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർ പലപ്രാവശ്യം പറയുകയും ഈ വിവരം പോസ്റ്റുമോർട്ടം റെക്കോർഡിൽ രേഖപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്. അപ്പോഴും ലാൽമോഹൻ രോഗി സർജിക്കൽ ഐ.സി.യുവിൽ ചികിത്സയിലായിരുന്നു. ലാൽമോഹൻ 16നാണ് മരിച്ചത്. മലയിൻകീഴ് പൊലീസ് വീണ്ടും നൽകിയ അപേക്ഷ പ്രകാരം ഇന്നലെ മൃതദേഹം ഇൻക്വസ്റ്റിനും പോസ്റ്റമോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് മൃതദേഹം വിട്ടുനൽകി. പേരോ മേൽവിലാസമോ തിരിച്ചറിയാത്ത രണ്ടുമൃതദേഹങ്ങളും മലയിൻകീഴ് പൊലീസാണ് ഏറ്റുവാങ്ങി ബന്ധുക്കൾക്ക് വിട്ടുകൊടുത്തത്.

ബന്ധുക്കൾ തിരിച്ചറിഞ്ഞതിലുള്ള പിശകാണ് സംഭവിച്ചതെന്നും മെഡിക്കൽ കോളേജിനും ഫോറൻസിക് വിഭാഗത്തിനും വീഴ്ച സംഭവിച്ചിട്ടില്ലെന്നും ആശുപത്രി അധികൃതർ വിശദീകരിച്ചു. സംഭവത്തെക്കുറിച്ച് മന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്‌.

മൃതദേഹം സംസ്കരിച്ചു

വെള്ളറട: ഒറ്റശേഖരമംഗലം ചേന്നാട് കുന്നിൻപുറം ലാവണ്യയിൽ ലാൽ മോഹന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി വീട്ടിൽ സംസ്കരിച്ചു.