
തിരുവനന്തപുരം: എംപ്ളോയിസ് പ്രൊവിഡന്റ് ഫണ്ട് പലിശ കുറയ്ക്കാനുള്ള തീരുമാനം തൊഴിലാളി വിരുദ്ധമാണെന്ന് കേരള ന്യൂസ് പേപ്പർ എംപ്ളോയിസ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. നിശ്ചിത തുകയ്ക്ക് മുകളിൽ പി.എഫ് തുക പിൻവലിക്കുമ്പോൾ ഈടാക്കുന്നുണ്ട്. അത് തൊഴിലാളികൾക്ക് നഷ്ടമുണ്ടാക്കുന്നതാണ്. കോർപ്പറേറ്റുകളോട് ഉദാര സമീപനവും തൊഴിലാളികളോട് വിരുദ്ധ സമീപനവും സ്വീകരിക്കുന്ന സർക്കാർ നിലപാട് അവസാനിപ്പിക്കണം. 15000 രൂപയിലധികം പെൻഷൻ പദ്ധതിയിൽ ചേരാനുള്ള അവകാശം ഇ.പി.എഫ് സോഫ്റ്റ് വെയറിൽ നീക്കം ചെയ്തത് തുച്ഛമായ പെൻഷൻ പോലും ലഭിക്കാനുള്ള അവസരം ഇല്ലാതാക്കുകയാണ്. കോടികണക്കിന് രൂപ ഇ.പി.എഫിൽ കെട്ടികിടക്കുമ്പോഴാണ് അംഗത്വം പോലും നിഷേധിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ സാമൂഹ്യസുരക്ഷാ വിരുദ്ധനയമാണ് ഇ.പി.എഫും പിന്തുടരുന്നതെന്ന് ഫെഡറേഷൻ ആരോപിച്ചു. ഇ.പി.എഫ് ട്രസ്റ്ര് ബോർഡിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾ സർക്കാർ അംഗീകരിക്കരുതെന്ന് ഫെഡറേഷൻ പ്രസിഡന്റ് വി.എൻ ജോൺസണും സെക്രട്ടറി ജെയിസൺ മാത്യുവും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.