വിതുര: വേനൽ കടുത്തതോടെ കുടിനീരിനായി പരക്കം പായുകയാണ് നാട്ടുകാർ. കടുത്ത ചൂടിന് പുറമേ തൊണ്ട നനയ്ക്കാൻ ശുദ്ധജലം കൂടി ലഭിക്കാതെ വന്നതോടെ ജീവിതം കൂടുതൽ ദുരിതപൂർണമായെന്നാണ് നാട്ടുകാർ പറയുന്നത്. മിക്ക മേഖലയിലും പൈപ്പ് ജലവിതരണവും തടസപ്പെടുന്നുണ്ട്. പൊതുടാപ്പുകൾ നോക്കുകുത്തികളായി. ഹൗസ് കണക്ഷൻ എടുത്തിട്ടുള്ളവർക്ക് പോലും കൃത്യമായി ജലം ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്.
തൊളിക്കോട്, വിതുര പഞ്ചായത്തുകളുടെ ഉയർന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ കുടിനീരിനായി നെട്ടോട്ടമോടാൻ തുടങ്ങിയിട്ട് ആഴ്ചകളേറെയായി. ഉയർന്ന പ്രദേശങ്ങളിലെ കിണറുകൾ മുഴുവൻ വറ്റി. താഴ്ന്ന പ്രദേശങ്ങളിലെ കിണറുകളിലും വേണ്ടത്ര വെള്ളമില്ല.
കിലോമീറ്ററുകൾ നടന്ന് നദികളിൽ നിന്നും മറ്റും ജലം ശേഖരിച്ച് ഉപയോഗിക്കേണ്ട അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു. നദികളിലും നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്.
മീനച്ചൂടേറ്ര് കൃഷികൾ വരെ ഉണങ്ങിനശിക്കുന്നു. കർഷകർക്ക് കനത്ത നാശനഷ്ടമുണ്ട്. ഇടയ്ക്ക് നേരിയ തോതിൽ വേനൽ മഴ പെയ്തെങ്കിലും പരിഹാരമായില്ല.
മാത്രമല്ല പൊതുകുളങ്ങളും, കിണറുകളും മറ്റും നശിച്ചതും കുടിവെള്ളക്ഷാമം വർദ്ധിക്കാൻ കാരണമായി. കുടിവെള്ളക്ഷാമം പരിഹരിക്കാൻ അധികൃതർ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് നാട്ടുകാർ.