
പൂവാർ: ജീവനക്കാരുടെ അഭാവം കാരണം പുല്ലുവിള സാമൂഹ്യകേന്ദ്രത്തിന്റെ പ്രവർത്തനം അവതാളത്തിലാണെന്ന് നാട്ടുകാർ പറയുന്നു. അതിയന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിലാണ് ആരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്നത്. ആശുപത്രിയിൽ കിടത്തി ചികിത്സയ്ക്കായി 25 ബെഡ് സംവിധാനമാണ് ഇപ്പോഴുള്ളത്. പ്രതിദിനം 200 ലധികം പുതിയ ഒ.പിയും 250ലധികം പഴയ ഒ.പി.യുമടക്കം ശരാശരി 500ഓളം പേർ ചികിത്സയ്ക്കായി ആശ്രയിക്കുന്ന ആശുപത്രിയുടെ വികസനം മുരടിച്ചിട്ട് വർഷങ്ങളായെന്നാണ് നാട്ടുകാർ പറയുന്നത്. തീരദേശ മേഖലകൂടിയായതിനാൽ പല തരത്തിലുള്ള പകർച്ചവ്യാധികളും മറ്റ് ദുരന്തങ്ങളും വളരെവേഗം പടർന്ന് പിടിക്കാറുണ്ട്. അവയെല്ലാം പ്രാഥമികമായി നേരിടേണ്ടതിന്റെ ഉത്തരവാദിത്വം പുല്ലുവിള സാമൂഹ്യ ആരോഗ്യകേന്ദ്രത്തിനുണ്ടെന്ന് ജീവനക്കാൻ സമ്മതിക്കുന്നു. എന്നാൽ നിലവിൽ 6 ഡോക്ടർമാരുടെ സേവനമാണ് ഇപ്പോഴുള്ളത്. ഇവരിൽ ആരെങ്കിലുമൊരാൾ ലീവായാൽ കാര്യങ്ങൾ തലകീഴായ്മറിയും. പലപ്പോഴും വൈകുന്നേരങ്ങളിൽ ഡോക്ടറുടെ സേവനം കിട്ടാറില്ല. ശനിയാഴ്ച രാത്രിയിൽ പൊതുവെ ഡോക്ടർ ഉണ്ടാവാറില്ല. അപ്രതീക്ഷിതമായി ഡോക്ടർ ഇല്ലാതിരിക്കുമ്പോൾ ജീവനക്കാരും നാട്ടുകാരും തമ്മിൽ വാക്കേറ്റമുണ്ടാകുന്നത് പതിവാണ്. ചിലപ്പോഴെല്ലാം സംഘട്ടനത്തിലും കലാശിച്ചിട്ടുണ്ട്.
5 നഴ്സുമാരാണ് ആകെയുള്ളത്. ഇതിൽ 4 പേർ എൻ.ആർ.എച്ച്.എം വഴിയുള്ളവരും ഒരാൾ ഡി.എം.ഒ പോസ്റ്റും. പി.എസ്.സി. വഴിയുള്ള ഒരാൾ പോലുമില്ലെന്നത് ശ്രദ്ധേയമാണ്. കൂടാതെ 2 നഴ്സിംഗ് അസിസ്റ്റന്റുമാരും 2 അറ്റന്റർമാരുമാണ് കൂടെയുള്ളത്. 2 ജീവനക്കാരുള്ള ഫാർമസി 4 മണി വരെ മാത്രമേ പ്രവർത്തനമുള്ളൂ. അതു കഴിഞ്ഞുള്ള മരുന്ന് വിതരണവും നഴ്സുമാരുടെ ചുമതലയാണ്. ക്ലീനിംഗ് സെക്ഷനിൽ 5 ജീനക്കാരാണ് ആകെയുള്ളത്. ഇതിലൊരാൾ പാർട്ട്ടൈമറാണ്. എല്ലാ സെക്ഷനിലെയും ജീവനക്കാർ അധിക ഡ്യൂട്ടി ചെയ്യാൻ നിർബന്ധിക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്.
2009 ൽ സുനാമി പുനരധിവാസഫണ്ട് ഉപയോഗിച്ച് ആരോഗ്യ വകുപ്പ് നിർമ്മിച്ച ഒ.പി മന്ദിരം, വിശ്രമകേന്ദ്രം, പാർക്കിംഗ് സൗകര്യം, പ്രവേശന കവാടം ഇവയാണ് അടുത്തകാലത്ത് നടത്തിയ നിർമ്മാണ പ്രവർത്തനങ്ങൾ. കെട്ടിടങ്ങളുടെ അപര്യാപ്തതയും സ്ഥലക്കുറവും ആരോഗ്യ കേന്ദ്രത്തെ വീർപ്പുമുട്ടിക്കുന്നു.