1

 കടൽമീനുകളെ വളർത്താനുള്ള സംവിധാനവുമായി സി.എം.എഫ്.ആർ.ഐ

വിഴിഞ്ഞം: കടൽ വെള്ളം കിട്ടിയാൽ എവിടെയും കടൽമീനുകളെ വളർത്താനുതകുന്ന മത്സ്യക്കൃഷി നടത്താനുള്ള നൂതന സംവിധാനം കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം (സി.എം.എഫ്.ആർ.ഐ) വിഴിഞ്ഞം മേഖലാ കേന്ദ്രത്തിൽ വികസിപ്പിച്ചു. ആദ്യ യൂണിറ്റ് കഴിഞ്ഞ ദിവസം വെങ്ങാനൂർ ഭാഗത്ത് സ്ഥാപിച്ചു. റീ സർക്കുലേഷൻ കൾച്ചർ സീ (ആർ.എ.എസ്) അഥവാ കടൽജല ചംക്രമണ മത്സ്യക്കൃഷി എന്നതാണ് പുതിയ സംവിധാനം. നിശ്ചിത അളവിലുള്ള ടാങ്കുകളിൽ ഒരിക്കൽ നിറയ്ക്കുന്ന കടൽ ജലത്തിൽ എത്രകാലം വേണമെങ്കിലും കടൽ മീൻ വളർത്തി വരുമാനമുണ്ടാക്കാമെന്നതാണ് നേട്ടം. പട്ടികജാതി വിഭാഗത്തിനുള്ള പ്രത്യേക പദ്ധതിയനുസരിച്ച് വികസിപ്പിച്ച ആദ്യ യൂണിറ്റ് കഴിഞ്ഞ ദിവസം വെങ്ങാനൂർ കനാൽക്കരയിൽ ബിനുവിന്റെ വീട്ടിൽ സ്ഥാപിച്ചു. കടൽ സാമീപ്യം വളരെ വിദൂരമായ ജില്ലകളിലുൾപ്പെടെ എവിടെയും കടൽ മീനുകളെ ഇത്തരത്തിൽ വളർത്തി ലഭ്യമാക്കാമെന്നതും നേട്ടമാണ്. കുഞ്ഞ് ഒന്നിന് രണ്ടു രൂപ നിരക്കിൽ വാങ്ങി വളർത്തി രണ്ടു മാസം കഴിയുമ്പോൾ കുറഞ്ഞത് 10 രൂപയ്ക്ക് വിൽക്കാമെന്നതാണ് കൃഷിയുടെ മെച്ചമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. വിഴിഞ്ഞം മേഖലാ കേന്ദ്രം മേധാവി ഡോ. കെ. അനിലിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ശാസ്ത്രജ്ഞരാണ് നേട്ടത്തിനു പിന്നിൽ പ്രവർത്തിച്ചത്. ഒരിക്കൽ ടാങ്കിൽ നിറയ്ക്കുന്ന കടൽവെള്ളം മലിനമാകുന്നതിനനുസരിച്ച് ശുദ്ധീകരിച്ച് വീണ്ടും ഉപയോഗിക്കുന്ന വിധത്തിലാണ് മത്സ്യം വളർത്താനുള്ള സംവിധാനം. ഇതിനുള്ള സാങ്കേതിക ഉപദേശവും വിദഗ്ദ്ധരുടെ സേവനവും സി.എം.എഫ്.ആർ.ഐ ലഭ്യമാക്കും. മത്സ്യക്കൃഷി മേഖലയിലെ പുതിയ സംരംഭം തൊഴിൽ ലഭ്യതയ്ക്കും ഒപ്പം നല്ലൊരു വരുമാനത്തിനും വഴിയൊരുക്കുമെന്ന് വിദഗ്ദ്ധർ പറഞ്ഞു.

 കടൽ ജലം, ഓരു ജലം എന്നിങ്ങനെ രണ്ടു വിഭാഗത്തിലുള്ള മത്സ്യക്കൃഷി
സംവിധാനമാണ് സജ്ജമാക്കിയിട്ടുള്ളത്.

 5 മുതൽ 10 ടൺ വരെ സംഭംരണശേഷിയുള്ള ഫൈബർ ഗ്ലാസ്, പോളിത്തീൻ നിർമ്മിത ടാങ്കുകൾ ഉപയോഗിച്ച് കൃഷി ചെയ്യാം.

 വളയോട്, കാളാഞ്ചി, കരിമീൻ തുടങ്ങി എല്ലാ കടൽ, ഓരുജല മീനുകളെയും ഇത്തരം സംവിധാനത്തിൽ കൃഷി ചെയ്യാനാകും.

 വനാമിക് ചെമ്മീൻ നഴ്സറിയും ഒപ്പം സജ്ജമാക്കാം.

 രണ്ടു ലക്ഷം രൂപയാണ് മുതൽമുടക്ക്