വിഴിഞ്ഞം: നഗരസഭ സോണൽ ഓഫിസ് ഉൾപ്പെടെ ഹാർബർ വാർഡ് പ്രദേശത്ത് രണ്ടാഴ്ചയായി കുടിവെള്ളമില്ലെന്നു പരാതി. പൈപ്പു വെള്ളം ആശ്രയിച്ചാണ് ഇവിടെയുള്ളവർ കഴിയുന്നത്. നിരവധി തവണ പരാതിപ്പെട്ടിട്ടും പരിഹാരമായില്ലെന്നാണ് നഗരസഭാ കൗൺസിലർ പറയുന്നത്. പമ്പു ചെയ്യുന്ന ജലം വൻ തോതിൽ ചോരുന്നത് കണ്ടെത്താനാകാത്തതാണ് പ്രശ്നകാരണമെന്നു പറയുന്നു. മത്സ്യത്തൊഴിലാളികളുൾപ്പെടെയുള്ള നിരവധി കുടുംബങ്ങൾ താമസിക്കുന്ന മതിപ്പുറം, ടൗൺഷിപ് തുടങ്ങിയ പ്രദേശങ്ങളിലാണ് കുടിവെള്ളഷാമം അനുഭവപ്പെടുന്നത്. വേനൽച്ചൂടിനിടെ ദാഹജലം കിട്ടാത്ത സ്ഥിതി കൂടി ആയതോടെ പ്രദേശവാസികൾ വെള്ളത്തിനായി പരക്കം പായുകയാണ്. അങ്കണവാടി, ആയുർവേദ ആശുപത്രി തുടങ്ങി നിരവധി സ്ഥാപനങ്ങൾ ഉൾപ്പെട്ട നഗരസഭ വിഴിഞ്ഞം മേഖല ഓഫിസിലും കുടിവെള്ളമില്ല. ഉദ്യോഗസ്ഥരും രോഗികളും പിഞ്ചു കുട്ടികളുമടക്കമുള്ളവർ ബുദ്ധിമുട്ടുന്നു.