വിതുര:മലയോരമേഖലയിൽ രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയുംവ്യാജനോട്ട് വ്യാപകമായി പ്രചരിക്കുന്നതോടെ ഒറിജിനൽനോട്ടും വ്യാജനോട്ടും ഏതെന്നറിയാതെ കുഴയുകയാണ് വ്യാപാരികളും നാട്ടുകാരും. വിപണിയിൽ ഏറ്റവും കൂടുതൽ ക്രയവിക്രയം നടത്തുന്നത് 500 ന്റെ നോട്ടുകളാണ്. വ്യാജനോട്ട് പ്രചരിച്ചതോടെ വ്യാപാരികളും നാട്ടുകാരും ഭീതിയിലാണ്. വ്യാജന്റെ വിളയാട്ടം സംബന്ധിച്ച് രണ്ട് മാസം മുൻപ് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.അന്ന് പൊലീസ് അന്വേഷണം നടത്തിയെങ്കിലും ആരെയും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. അനവധി ധനകാര്യസ്ഥാപനങ്ങളിലും സ്വകാര്യസ്ഥാപനങ്ങളിലും മാർക്കറ്റുകളിലും 500 ന്റെ കള്ളനോട്ട് ലഭിച്ചിരുന്നു.കേസും മറ്റും ഭയന്ന് കള്ളനോട്ടിനെ പറ്റിയുള്ള വിവരം പുറത്തുപറയാതെ മിക്കവരും നശിപ്പിച്ച് കളയുകയാണ് പതിവ്. ഉത്സവസീസണായതിനാൽ ഉത്സവപ്പറമ്പുകളിലും മറ്റും വ്യാജനോട്ടിന്റെ പ്രവാഹമാണ്. നേരത്തേ തൊളിക്കോട്, വിതുര മേഖലകളിൽ വ്യാജനോട്ട് നൽകി ആടുകളെ വാങ്ങിക്കൊണ്ടുപോയസംഭവം ഉണ്ടായി. തമിഴ്നാട്ടിലുള്ള സംഘത്തെ വ്യക്തമായി ചോദ്യം ചെയ്താൽ മാത്രമേ യഥാർത്ഥ ചിത്രം വ്യക്തമാകുകയുള്ളൂവെന്നാണ് പൊലീസ് പറയുന്നത്.