
തിരുവനന്തപുരം: മഹാമാരിക്കു മുന്നിൽ തളരാതെ കേരളത്തിന്റെ ഐ.ടി വ്യവസായം ഉയരങ്ങളിലേക്ക് കുതിക്കുകയാണെന്ന് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. കൊവിഡ് പ്രതിസന്ധി മറികടക്കാൻ ഐ.ടി പാർക്കുകൾ കേന്ദ്രീകരിച്ച് നടപ്പാക്കിയ വികസനപ്രവർത്തനങ്ങളുടേയും ഇളവുകളുടേയും ഫലമായി സംരംഭകരെ നിലനിറുത്തുന്നതിനൊപ്പം കൂടുതൽ ആളുകളെ കൊണ്ടുവരാനും സാധിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
കൊവിഡ് കാലത്ത് തിരുവനന്തപുരം ടെക്‌നോപാർക്ക് 41, കൊച്ചി ഇൻഫോപാർക്ക് 100, കോഴിക്കോട് സൈബർപാർക്ക് 40 എന്നിങ്ങനെ ആകെ 181 പുതിയ കമ്പനികൾ പ്രവർത്തനമാരംഭിച്ചു. മൊത്തം 10,400 പുതിയ തൊഴിലവസരങ്ങൾ ഐ.ടി പാർക്കുകളിൽ മാത്രമായി സൃഷ്ടിക്കപ്പെട്ടു.
ഐ.ടി.മേഖലയിൽ അടിസ്ഥാന സൗകര്യ വിപുലീകരണത്തിനു പുറമേ ദേശീയ അന്തർദ്ദേശീയ ഐ.ടി കമ്പനികളെ സംസ്ഥാനത്തേക്ക് ആകർക്ഷിക്കുന്നതിനുള്ള മികച്ച മാർക്കറ്റിംഗ് സംവിധാനങ്ങളും രൂപീകരിച്ചു. കൂടുതൽ നിക്ഷേപങ്ങൾ കൊണ്ടുവരുന്നതിനാവശ്യമായ നടപടികൾ സ്വീകരിച്ചു.
തിരുവനന്തപുരം ടെക്‌നോപാർക്കിൽ 2 ലക്ഷം ച. അടി വിസ്തീർണ്ണത്തിൽ 105 കോടിയുടെ കിഫ്ബി ധനസഹായത്തോടെ പുതിയ കെട്ടിടം 'കബനി'യുടെ നിർമ്മാണം പൂർത്തിയാക്കി .
2022-23 വർഷത്തെ ബഡ്ജറ്റിൽ ഐ.ടി വികസനത്തിനായി നിരവധി പദ്ധതികൾ പ്രഖ്യാപിക്കുകയും തുക വകയിരുത്തുകയും ചെയ്തിട്ടുണ്ട്. വിജ്ഞാന സമ്പദ് വ്യവസ്ഥയിലേക്കുള്ള കേരളത്തിന്റെ വളർച്ചയിൽ നിർണ്ണായകമായ പങ്കുവഹിക്കാൻ സാധിക്കുന്ന ഐ.ടി വ്യവസായത്തിന്റെ വികസനം സാദ്ധ്യമാക്കുമെന്ന് ജനങ്ങൾക്ക് നൽകിയ ഉറപ്പു പാലിച്ചാണ് സർക്കാർ മുന്നോട്ടു പോകുന്നത്.