kulangara-track

വക്കം: വക്കം ഗ്രാമപഞ്ചായത്തിലെ രണ്ടാം ഗേറ്റിന് സമീപം കുളങ്ങര - മരുതൻ വിളാകം റോഡുകളെ ബന്ധിപ്പിച്ച് റെയിൽവേ ഫുട് ഓവർബ്രിഡ്ജ് വേണമെന്നാവശ്യം ശക്തം. കുളങ്ങര റോഡിൽ നിന്ന് നോക്കിയാൽ കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷൻ കാണാം. എങ്കിലും നാട്ടുകാർക്ക് റെയിൽവേ സ്റ്റേഷനിലെത്താൻ കിലോമീറ്റർ ചുറ്റണം.

ക്രോസിംഗ് സ്റ്റേഷനായ ഇവിടെ നാലുവരി റെയിൽ ലൈനാണ്. പുറമേ വലിയ വളവും. ഈ മേഖല സ്ഥിരം അപകടമേഖലയാണ്. വക്കത്തെ പ്രധാന സ്കൂളുകളിൽ ഒന്നായ മരുതൻവിളാകാം യു.പി സ്കൂൾ റെയിൽവേ ട്രാക്കിന്റെ പാതയോരത്താണ്. 10, 11 വാർഡുകളുടെ പോളിംഗ് ബൂത്ത് സ്ഥിതി ചെയ്യുന്നത് മരുതൻവിള സ്കൂളിലാണ്. പ്രദേശവാസികൾ ട്രാക്ക് മുറിച്ച് കടക്കുമ്പോൾ വളവ് തിരിഞ്ഞു വരുന്ന ട്രെയിൽ കാണാൻ കഴിയാറില്ല. നാല് ട്രാക്ക് ഉള്ളതിനാൽ ട്രെയിൻ അടുത്ത് എത്തിയാൽ മാത്രമേ ഏത് ട്രാക്കിലാണെന്ന് അറിയാൻ കഴിയൂ. നിരവധി പേർക്കാണ് ഇവിടെ ട്രെയിൻ പാളം മുറിച്ചുകടക്കുന്നതിനിടയിൽ ജീവൻ നഷ്ടമായത്.

അപകടം ഒഴിവാക്കാൻ ഇപ്പോൾ നാട്ടുകാർ രണ്ടാം ഗേറ്റ് ചുറ്റിയാണിവിടെ എത്തുന്നത്. ഇതിന് ഏറെ സമയം വേണ്ടിവരും.

കുളങ്ങര റോഡിനേയും, മരുതൽ വിളാകം റോഡിനേയും തമ്മിൽ ബന്ധിപ്പിച്ച് ഫുട് ഓവർബ്രിഡ്ജ് വന്നാൽ അപകടം ഒഴിവാക്കി യാത്രക്കാർ സുരക്ഷിതരാകുമെന്ന് നാട്ടുകാർ പറയുന്നു.

നാട്ടുകാരുടെ ആവശ്യം

കുളങ്ങര - മരുതൻ വിളാകം റോഡുകളെ ബന്ധിപ്പിച്ച് ഫുട് ഓവർബ്രിഡ്ജ് വേണം

നാടിനെ നടുക്കിയ ദുരന്തം

2008 ഫെബ്രുവരിയിൽ മൂത്ത മകനെ സ്കൂളിലാക്കാൻ പോയ അമ്മയും കൈക്കുഞ്ഞും റെയിൽവേ ക്രോസ് മുറിച്ചു കടക്കുന്നതിനിടയിൽ ട്രെയിൻ തട്ടി മരിച്ചു. മൂത്ത മകൻ സ്കൂളിൽ പോകാൻ റെയിൽവേ ട്രാക്ക് മുറിച്ച് കടക്കുമ്പോൾ ട്രെയിൻ വരുന്നത് കണ്ട് ഭയന്ന് തിരിച്ചോടി. സംഭവം കണ്ട കുളങ്ങര സ്വദേശിയായ മാതാവ് രമണി കൈക്കുഞ്ഞുമായി ട്രാക്കിലൂടെ ഓടി മകനെ ട്രെയിനിന് മുന്നിൽ നിന്ന് രക്ഷിക്കുന്നതിനിടയിലായിരുന്നു അപകടം.

വിദ്യാർത്ഥികൾ, ജീവനക്കാർ, ചെറുകിട കച്ചവടക്കാർ, മത്സ്യവില്പനക്കാർ തുടങ്ങി നിരവധി പേർ കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനിൽ എത്താനുള്ള ഏക ആശ്രയമാണീ വഴി.