ആറ്റിങ്ങൽ: ഇന്തോനീഷ്യയിലും സീഷെൽസിലും തടവിൽ കഴിയുന്ന മത്സ്യത്തൊഴിലാളികളുടെ മോചനത്തിന് സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അടൂർ പ്രകാശ് എം.പി ലോക് സഭയിൽ ശൂന്യവേളയിൽ ഉന്നയിച്ച സബ്‌മിഷനിൽ ആവശ്യപ്പെട്ടു. സമുദ്രാതിർത്തി ലംഘിച്ചെന്ന കാരണത്തിന് ആറ്റിങ്ങൽ മണ്ഡലം സ്വദേശികളായ മൂന്ന് പേർ ഉൾപ്പടെ 8 മത്സ്യത്തൊഴിലാളികളെയാണ് ഇന്തോനീഷ്യൻ അധികൃതർ പിടികൂടിയത്. ആൻഡമാൻ തീരത്ത് നിന്ന് കടലിൽ പോയ ഇവരുടെ ബോട്ട് ശക്തമായ കാറ്റിൽ നിയന്ത്രണം നഷ്ടപ്പെട്ടാണ് സമുദ്രാതിർത്തി ലംഘിച്ചത്. ഇതിനുപുറമെ രണ്ടു സംഭവങ്ങളിലായി 58 മത്സ്യത്തൊഴിലാളികൾ സീഷെൽസിലും തടവിൽ കഴിയുകയാണ്. ഇവരുടെ മോചനത്തിന് സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ആവശ്യമായ സഹായങ്ങൾ നൽകുന്നതിന് ഇന്ത്യൻ എംബസികൾക്ക് നിർദേശം നൽകണമെന്നും എം.പി ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് വിദേശകാര്യമന്ത്രിക്കും എംബസിക്കും കത്തുനൽകി.