
മലയിൻകീഴ്: കേരളത്തിന്റെ സംസ്‌കാരവും ഭാഷയും വേറിട്ടതാണെന്നും, മാധവകവി സംസ്‌കൃതി കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിക്കാനായത് ഭാഗ്യമായി കരുതുന്നുവെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ഭാഷാ ഭഗവദ്ഗീത രചിച്ച മാധവ കവിയുടെ ജന്മസ്ഥലമായ മലയിൻകീഴിൽ നിർമ്മിച്ച മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്‌കൃതി കേന്ദ്രം ചെയർമാൻ മലയിൻകീഴ് വേണുഗോപാൽ സ്വാഗതം പറഞ്ഞു. മന്ത്രി ജി.ആർ. അനിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഐ.ബി. സതീഷ് എം.എൽ.എ, മലയിൻകീഴ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. വത്സലകുമാരി, ഡോ. ജോർജ്ജ് ഓണക്കൂർ എന്നിവർ സംസാരിച്ചു. സംസ്‌കൃതികേന്ദ്രത്തിലെ വെബ്സൈറ്റിന്റെ ഉദ്ഘാടനവും ഗവർണർ നിർവഹിച്ചു. കേന്ദ്ര സാഹിത്യ അക്കാഡമിയുടെ പുരസ്‌കാരം നേടിയ സാഹിത്യകാരൻ ഡോ. ജോർജ്ജ് ഓണക്കൂർ, മന്ദിരം നിർമ്മിച്ച ആർക്കിടെക്ട് രാധാകൃഷ്‌ണൻ, മികച്ച കൊവിഡ് വാക്‌സിനേറ്റർക്കുള്ള ദേശീയ പുരസ്കാരം നേടിയ ടി.ആർ.പ്രിയ എന്നിവരെ ഗവർണർ അനുമോദിച്ചു. ഇന്നലെ രാവിലെ 11ഓടെയെത്തിയ ഗവർണറെ ശബരിമല മാളികപ്പുറം മേൽശാന്തിയായിരുന്ന ഗോവിന്ദൻ പോറ്റിയും സംഘാടക സമിതി ഭാരവാഹികളും സ്വീകരിച്ചു.