 മൊഴി വളച്ചൊടിച്ചെന്ന് സഫ്‌ന യാക്കൂബ്

തിരുവനന്തപുരം: ലാ കോളേജിൽ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് സഫ്‌ന അടക്കമുള്ള വിദ്യാർത്ഥികളെ എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ മൂന്നാം ദിവസവും നടപടിയെടുക്കാതെ പൊലീസ്. വിഷയത്തിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കാൻ പോലും മ്യൂസിയം പൊലീസ് തയ്യാറാകുന്നില്ല.

അതേസമയം സ്റ്റേഷനിൽ നൽകിയ മൊഴി വളച്ചൊടിച്ചെന്നാരോപിച്ച് സഫ്‌ന യാക്കൂബ് രംഗത്തെത്തി. കെ.പി.സി.സി ഓഫീസിൽ സഹപാഠികൾക്കൊപ്പം പത്രസമ്മേളനം വിളിച്ചായിരുന്നു ആരോപണം. എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പുകളും കെ.എസ്.യു പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പുകളുമാണ് ചുമത്തിയതെന്നും സഫ്‌ന പറഞ്ഞു. ഇതിനെതിരെ സിറ്റി പൊലീസ് കമ്മിഷണർ സ്‌പർജൻ കുമാറിന് കെ.എസ്.യു പരാതി നൽകി. വിഷയത്തെ നിയമപരമായി നേരിടാനാണ് തീരുമാനമെന്ന് നേതാക്കൾ അറിയിച്ചു.

മുഖ്യമന്ത്രിക്ക് വേദന അറിയില്ല: സഫ്‌ന യാക്കൂബ്

ചങ്ങനാശേരിയിൽ കുട്ടിയുടെ മുന്നിൽവച്ച് അമ്മയെ വലിച്ചിഴച്ചത് പോലെയാണ് തന്നെയും വലിച്ചിഴച്ചതെന്ന് സഫ്‌ന യാക്കൂബ് പറഞ്ഞു. ഇതിന്റെയൊന്നും വേദന മുഖ്യമന്ത്രിക്ക് അറിയില്ല. സമൂഹ മാദ്ധ്യമങ്ങൾ വഴി ഭീഷണികൾ തുടരുകയാണ്. ലാ കോളേജിനകത്ത് എസ്.എഫ്.ഐക്കാർ സ്ഥിരമായി മദ്യപിക്കാറുണ്ട്. എൽ.എം.എസിലെ യൂണിവേഴ്‌സിറ്റി ഹോസ്റ്റലിൽ നിന്നടക്കമുള്ളവർ ഇവിടേക്ക് സ്ഥിരമെത്താറുണ്ടെന്നും സഫ്‌ന പറഞ്ഞു.

എസ്.എഫ്.ഐ നടത്തിയ ആക്രമണങ്ങൾക്കെതിരെ സ്റ്റാഫ് കൗൺസിലിനടക്കം പരാതി നൽകിയിട്ടുണ്ടെന്നും ഒരുതവണപോലും നടപടി സ്വീകരിച്ചില്ലെന്നും കെ.എസ്.യു പ്രവർത്തകയായ അനുഫിലിപ്പ് പറഞ്ഞു.

തെറ്റായ പ്രചാരണം: സച്ചിൻദേവ് എം.എൽ.എ

ലാ കോളേജ് സംഘർഷത്തിൽ എസ്.എഫ്‌.ഐയ്‌ക്കെതിരെ നടക്കുന്നത് തെറ്റായ പ്രചാരണമാണെന്ന് സംസ്ഥാന സെക്രട്ടറി കെ.എം. സച്ചിൻദേവ് എം.എൽ.എ ആരോപിച്ചു. കെ.എസ്‌.യു എല്ലാ സർവകലാശാലകളിലും ആസൂത്രിതമായി പ്രകോപനം സൃഷ്‌ടിക്കുകയാണ്.

ആക്രമണത്തിന്റെ പേരിൽ ആരെയെങ്കിലും നിരോധിക്കുന്നുണ്ടെങ്കിൽ കെ.എസ്.യുവിനെയാകണം നിരോധിക്കേണ്ടത്. ആക്രമണം മൊബൈലിൽ പകർത്തി മറ്റൊരു സംഘടനയ്‌ക്കെതിരെ ഉപയോഗിക്കുന്ന ശൈലി എസ്.എഫ്‌.ഐക്കില്ല. കെ.എസ്‌.യു നിമിഷനേരം കൊണ്ട് ഇവ മാദ്ധ്യമങ്ങൾക്ക് മുന്നിലെത്തിക്കുകയാണ്. ലാ കോളേജ് സംഘർഷത്തെ അപലപിക്കുന്നെന്നും പൊലീസ് അന്വേഷണം ശരിയായ ദിശയിലണെന്നും സച്ചിൻദേവ് പറഞ്ഞു.