തിരുവനന്തപുരം: നഗരത്തിലെ ജലവിതരണം കാര്യക്ഷമമാക്കാൻ നഗരസഭ കൊണ്ടുവന്ന നിയമാവലിക്ക് അംഗീകാരം നൽകിയ സർക്കാർ ഉത്തരവ് കാര്യങ്ങൾ വിശദീകരിച്ച് വീണ്ടുമിറക്കാനുള്ള നടപടികൾ ചെയ്യുമെന്ന് മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞു.

ബന്ധപ്പെട്ടവരുടെ വാദം കേട്ട് കാരണങ്ങൾ വ്യക്തമാക്കി ഒരു മാസത്തിനകം വിശദമായ ഉത്തരവിറക്കണമെന്നും ഹൈക്കോടതി ജസ്റ്റിസ് അനു ശിവരാമൻ കഴിഞ്ഞ ദിവസം നിർദ്ദേശിച്ചിരുന്നു. നിലവിൽ ഹൈക്കോടതി നിർദ്ദേശിച്ചിട്ടുള്ള കാര്യങ്ങളിൽ ശുദ്ധജല വിതരണത്തിന് തടസമില്ല. നഗരസഭാ പരിധിയിൽ ധാരാളം സ്വകാര്യ കുടിവെള്ള ടാങ്കറുകൾ പ്രവർത്തിച്ചിരുന്നു. ഇവയിൽ പലതും ശുദ്ധമായ വെള്ള വിതരണം ചെയ്‌തിരുന്നില്ല. പരാതികൾ കൂടിയപ്പോഴാണ് വാട്ടർ അതോറിട്ടിയുടെ നിയമാനുസൃത വെൻഡിംഗ് പോയിന്റുകളിൽ നിന്ന് മാത്രം വെള്ളം ശേഖരിക്കുന്നതിനും വിതരണം ചെയ്യുന്നതിനും നഗരസഭ നിയമാവലി തയ്യാറാക്കിയത്.

സംസ്ഥാന സർക്കാർ ഈ വിഷയം ഒരിക്കൽ കൂടി പരിശോധിച്ച് വിശദമായ ഉത്തരവ് ഇറക്കുമെന്നും മേയർ പറഞ്ഞു. നിലവിലുള്ള നഗരസഭയുടെ അധികാരവും നഗരസഭ ഇറക്കിയിട്ടുള്ള ബൈലോയും റദ്ദാക്കിയിട്ടില്ലാത്തതിനാൽ നിലവിൽ തുടരുന്നതുപോലെ സ്വകാര്യ ടാങ്കർ ലോറികളെ നിയന്ത്രിക്കുന്നതിനും നഗരസഭയുടെ സ്‌മാർട്ട് ട്രിവാൻട്രം ആപ്പ് വഴി രജിസ്റ്റർ ചെയ്ത് വെള്ളമെടുക്കന്നത് തുടരുമെന്നും മേയർ അറിയിച്ചു.

സ്വകാര്യ ടാങ്കർ ലോറികളിൽ കുടിവെള്ളം വിതരണം ചെയ്യുന്നത് നിയന്ത്രിക്കാനായി നിയമാവലി കൊണ്ടുവരാൻ നഗരസഭയ്ക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി ടാങ്കർ ലോറി ഉടമകൾ സർക്കാരിന് നിവേദനം നൽകിയിരുന്നു. ഇതിൽ നടപടിയുണ്ടായില്ലെന്നാരോപിച്ച് ഇവർ നൽകിയ ഹർജിയിൽ നിയമാവലി നടപ്പാക്കുന്നത് സിംഗിൾബെഞ്ച് സ്റ്റേ ചെയ്‌തു. എന്നാൽ നഗരസഭ നൽകിയ അപ്പീലിൽ സ്റ്റേ നീക്കുകയായിരുന്നു.