തിരുവനന്തപുരം : മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തുന്ന രോഗികളിൽ അടിയന്തര സേവനം ആവശ്യമുള്ളവർക്ക് കാലതാമസം കൂടാതെ ലഭ്യമാക്കാൻ ചുവപ്പു ടാഗും ചെസ്റ്റ് പെയിൻ ക്ലിനിക്കും ആരംഭിച്ചു. അത്യാഹിതവിഭാഗത്തിലെത്തുന്ന രോഗിക്ക് ചുവപ്പ് ടാഗ് നൽകും. തുടർന്ന് ഡോക്ടറെ കാണുന്നതിനും എക്സ്റേ,സ്കാനിംഗ് ഉൾപ്പെടെയുള്ള വിവിധ പരിശോധനകൾക്കും ക്യൂ നിൽക്കേണ്ടതില്ല.പ്രത്യേക പരിഗണനയോടെ അടിയന്തരമായി സേവനങ്ങൾ ലഭിക്കും.ഇത്തരം രോഗികൾക്കായി സർജറി വിഭാഗത്തിന് കീഴിൽ മറ്റ് വിഭാഗങ്ങളുടെ സഹകരണത്തോടെ ഉടനടി വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കും.ആവശ്യമുള്ളവരെ ഉടൻ ശസ്ത്രക്രിയയ്ക്കും വിധേയമാക്കും. ഹൃദയസംബന്ധമായ പ്രശ്നങ്ങളുമായെത്തുന്നവർക്ക് കാർഡിയോളജി വിഭാഗത്തിന്റെ സേവനം ലഭ്യമാക്കുകയാണ് ചെസ്റ്റ് പെയിൻ ക്ലിനിക്കിന്റെ ലക്ഷ്യം.ആവശ്യമായവർക്ക് കാലതാമസമില്ലാതെ ഐ.സി.യു, ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി സേവനങ്ങൾ ഉറപ്പാക്കും.

മന്ത്രി വീണാ ജോർജിന്റെ നിർദ്ദേശത്തെ തുടർന്ന് മെഡിക്കൽ കോളേജിന്റെ സേവനം മെച്ചപ്പെടുത്തുന്നതിനായി രൂപീകരിച്ച വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ മാറ്റം.അത്യാഹിത വിഭാഗത്തിൽ 24 മണിക്കൂറും സീനിയർ ഡോക്ടർമാരുടെ സേവനം ഉറപ്പ് വരുത്തിയിട്ടുണ്ട്. ഇതുകൂടാതെയാണ് പുതിയ സംവിധാനം.