3

വിഴിഞ്ഞം: ലോക്കപ്പ് കാണാനും പൊലീസിന്റെ ആയുധങ്ങൾ കാണാനും ഭിന്നശേഷിക്കാരായ കുരുന്നുകൾ പൊലീസ് സ്റ്റേഷനിലെത്തി. ബാലരാമപുരം ബി.ആർ.സി പരിധിയിലുള്ള വിവിധ വിദ്യാലയങ്ങളിലെ കുട്ടികളുടെ പഠന യാത്രാ ഭാഗമായാണ് ഇവർ വിഴിഞ്ഞത്തെ ജനമൈത്രി ശിശു സൗഹൃദ പൊലീസ് സ്റ്റേഷനിലെത്തിയത്.

പൊലീസിനോട് ഭയമില്ലാതെ കുട്ടികൾ സംശയങ്ങൾ ചോദിച്ചു. ലോക്കപ്പ് കാണണം, തോക്ക് എങ്ങനെ ഉപയോഗിക്കണം, പാറാവ് എന്നു പറഞ്ഞാൽ എന്താണ് എന്നിങ്ങനെ ചോദ്യങ്ങൾ ഉയർന്നു. ബയണറ്റ്, റൈഫിൾ, പിസ്റ്റൾ, തിര എന്നിവയെല്ലാം കണ്ടറിഞ്ഞു. വിഴിഞ്ഞം എസ്.എച്ച്.ഒ പ്രജീഷ് ശശിയും എസ്.ഐ കെ.എൽ. സമ്പത്തും, സ്റ്റേഷൻ ശിശുക്ഷേമ മേൽനോട്ടം വഹിക്കുന്ന ജോൺ ബ്രിട്ടോ എന്നിവർ സംശയങ്ങൾക്കുള്ള മറുപടി നൽകി.

പൊലീസ് സ്റ്റേഷൻ കൂടാതെ ബാങ്ക്, പോസ്റ്റ് ഓഫീസ് എന്നിവിടങ്ങൾ സന്ദർശിച്ച് പ്രവർത്തനം മനസിലാക്കി. ഉല്ലാസത്തിനായി വേളി കായൽ സന്ദർശിക്കുകയും ചെയ്തു.