
വർക്കല: വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രത്തിലെ ഉത്സവം ആറാട്ടോടെ സമാപിച്ചു. വെളളിയാഴ്ച വൈകുന്നേരം ക്ഷേത്രത്തിലെ കിഴക്കേഗോപുര നടവഴി പുറപ്പെട്ട ആറാട്ട് ജനാർദ്ദനസ്വാമിയുടെ വിഗ്രഹം കണ്ടെടുത്ത ചിലക്കൂർ ആലിയിറക്കം കടൽതീരത്തെ ആറാട്ട് കടവിലെത്തി.അവിടെ സജ്ജമാക്കിയ ആറാട്ട് പുരയിൽ പൂജ നടത്തിയ ശേഷമായിരുന്നു വിഗ്രഹം കടലിൽ ആറാടിച്ചത്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഘോഷയാത്രയും മറ്റ് ആഘോഷങ്ങളുമെല്ലാം ഒഴിവാക്കിയിരുന്നു.എങ്കിലും ക്ഷേത്രത്തിലും ആലിയിറക്കത്തെ ആറാട്ട് കടവിലും വലിയ ഭക്തജനത്തിരക്കായിരുന്നു. രാത്രി ക്ഷേത്രത്തിൽ മടങ്ങിയെത്തിയ ശേഷം ചുറ്റുവിളക്ക് വലിയകാണിക്ക എന്നിവക്കു ശേഷം കൊടിയിറങ്ങി ഉത്സവം സമാപിച്ചു.