1

പോത്തൻകോട്: നിർദ്ദിഷ്ട കെ. റെയിൽ പദ്ധതിക്കെതിരെ സമരം ശക്തമാക്കി യു.ഡി.എഫ്. വെയിലൂർ, മുരുക്കുംപുഴ പ്രദേശങ്ങളിൽ സർക്കാർ പിടിവാശിയിൽ വൻ പൊലീസ് സന്നാഹത്തോടെ വീടുകളിൽ അതിക്രമിച്ചു കയറി ബലാത്കാരമായി സ്ഥാപിച്ച സർവേക്കല്ലുകൾ ഇന്നലെ യു.ഡി.എഫ് കൺവീനർ എം.എം. ഹസ്സന്റെ നേതൃത്വത്തിൽ യു.ഡി.എഫ് പ്രവർത്തകരും നാട്ടുകാരും പ്രകടനമായെത്തി പിഴുതെറിഞ്ഞു. ഇന്നലെ വൈകിട്ട് 4 നായിരുന്നു സംഭവം.

മുരുക്കുംപുഴ റെയിൽവേ സ്റ്റേഷനു സമീപം ബിബിന ലാൻസിയുടെ വീടിനോട് ചേർന്ന് സ്ഥാപിച്ച കല്ലാണ് ആദ്യം പിഴുതുമാറ്റിയത്. തുടർന്ന് നിരവധി വീടുകൾ സന്ദർശിച്ച് കല്ലുകൾ നീക്കം ചെയ്തു.

വീടും സ്ഥലവും നഷ്ടപ്പെടുന്നവരിൽ ഭൂരിഭാഗം പേരും മുമ്പ് റെയിവേ വികസനത്തിനും റോഡ് വികസനത്തിനും ഭൂമി വിട്ടു നൽകിയവരാണ്. ഇനിയും ഒരു കുടിയിറക്ക് തങ്ങൾക്ക് ചിന്തിക്കാനാവില്ലെന്നാണ് സ്ഥലവാസികൾ പറയുന്നത്. ഒട്ടനവധി ബദൽ മാർഗങ്ങൾ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടിയിട്ടും കേരളത്തെ രണ്ടായി മാറ്റുന്ന ആയിരക്കണക്കിന് ജീവിതങ്ങളെ വഴിയാധാരമാക്കുന്ന കെ റെയിൽ പദ്ധതിയുമായി സർക്കാർ മുന്നോട്ടു പോകുന്നത് എന്തോ ഗൂഢലക്ഷ്യം വച്ചുകൊണ്ടാണ്. രാഷ്ട്രീയ ഭേദമെന്യേ എല്ലാ വിഭാഗം ജനങ്ങളും എതിർപ്പുമായി രംഗത്തുണ്ടെന്ന് എം.എം.ഹസ്സൻ പറഞ്ഞു. എം.മുനീർ, അജിത് കുമാർ, അനൂപ്, നാസർ തുടങ്ങി നിരവധി നേതാക്കൾ ഹസ്സനെ അനുഗമിച്ചു.