മലയിൻകീഴ്: മാറനല്ലൂർ ഗ്രാമപഞ്ചായത്തിലെ പാറവിള ഭാഗത്ത് പുലിയെ കണ്ടതായി മത്സ്യ വില്പനയ്ക്കെത്തിയ യുവാവ് പറഞ്ഞത് പ്രദേശവാസികൾക്കിടയിൽ ഭീതി പരത്തി. ഇന്നലെ രാവിലെ 10 ഓടെയാണ് ഓട്ടോറിക്ഷയിൽ മീൻ വിൽക്കാനെത്തിയ ഷമീർ പുലിയെ കണ്ടത്. ഓട്ടോയുടെ ഹോൺ കേട്ട് റോഡിന് കുറുകെ പുലി ചാടിപ്പോയെന്ന് ഷമീർ പറയുന്നു.
പുലിയെ കണ്ടെന്ന് പറയുന്ന പ്രദേശങ്ങളിൽ നാട്ടുകാർ തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. വിവരം പഞ്ചായത്ത് അധികൃതരേയും പൊലീസിനേയും അറിയിച്ചു. മാറനല്ലൂർ എസ്.എച്ച്.ഒ ടി.സതികുമാർ വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചെങ്കിലും, വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
മാറനല്ലൂർ പഞ്ചായത്തിലെ വിജനവും കാട്ടു പ്രദേശവുമാണ് കരിങ്ങൽ കൊറ്റംപള്ളി വാർഡുകളിലുൾപ്പെട്ട പാറവിള, കലമ്പാട്ട് മലപ്രദേശങ്ങൾ. സ്ഥലത്ത് പോയി അന്വേഷണം നടത്തിയെന്നും ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്ക് വിവരം നൽകിയിട്ടുണ്ടെന്നും, ജനങ്ങളെ പരിഭ്രാന്തരാക്കുന്ന തരത്തിൽ പ്രചാരണങ്ങൾ നടത്തരുതെന്നും മാറനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.സുരേഷ് കുമാർ അറിയിച്ചു. പാറവിള പ്രദേശത്ത് പുലിയെ കണ്ടതായി വിവരം ലഭിച്ചിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്നും തിരുവനന്തപുരം ഡി.എഫ്.ഒ പ്രദീപ് കുമാർ പറഞ്ഞു.