പാറശാല: പാറശാല സി.എസ്.ഐ കോളേജ് ഒഫ് ലീഗൽ സ്റ്റഡീസിലെ ഹോളി ആഘോഷത്തിനിടെയുണ്ടായ സംഘർഷങ്ങളിൽ മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. രണ്ടാം വർഷ നിയമ വിദ്യാർത്ഥികളായ ശ്രീജിത്ത്, വിനീത്, ദിലീപ് എന്നിവർക്കാണ് പരിക്കേറ്റത്. വാക്കേറ്റത്തെ തുടർന്നുണ്ടായ സംഘർഷത്തിനിടെ ശ്രീജിത്ത് എന്ന വിദ്യാർത്ഥിയുടെ തലയ്ക്ക് അടിയേറ്റു. തുടർന്ന് പ്രശ്നം രൂക്ഷമായി. ലഹരി മാഫിയാ സംഘത്തിൽ ഉൾപ്പെട്ടവർ കോളേജ് പരിസരത്ത് എത്തിയതോടെയാണ് സംഘർഷം രൂക്ഷമായത്.

തലയ്ക്ക് മുറിവേറ്റ ശ്രീജിത്തിനെ പാറശാല ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ആശുപത്രി പരിസരത്ത് വച്ചും ഇരുവിഭാഗവും തമ്മിൽ ഏറ്റുമുട്ടി. സംഘർഷം രൂക്ഷമായതോടെ ആശുപത്രി അധികൃതർ അറിയിച്ചതനുസരിച്ച് പാറശാല പൊലീസ് എത്തിയപ്പോഴേക്കും മർദ്ദനമേറ്റ രണ്ട് പേർ ഒഴികെ ഇരുവിഭാഗവും ബൈക്കുകളിൽ രക്ഷപ്പെട്ടു. പിടിയിലായ രണ്ട് പേരിൽ നിന്നും മൊഴിയെടുത്ത ശേഷം കേസ് രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.