പാറശാല: പാറശാലയിൽ വിദ്യാർത്ഥി സംഘങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ പതിവാകുന്നു. പാറശാല ഇവാൻസ് സ്‌കൂൾ, പാറശാല ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികളാണ് വൈകിട്ട് സ്‌കൂൾ വിട്ട ശേഷം പരസ്പരം സംഘം തിരിഞ്ഞുള്ള ഏറ്റുമുട്ടലുകൾ തുടരുന്നത്.
പാറശാല ഗാന്ധി പാർക്ക് ജംഗ്‌ഷൻ, പോസ്റ്റ് ഓഫീസ് ജംഗ്‌ഷൻ, ഗവ. ഗേൾസ് ഹൈസ്‌കൂൾ ജംഗ്‌ഷൻ എന്നിവിടങ്ങളിലാണ് സംഘർഷങ്ങൾ അരങ്ങേറുന്നത്. ഇവരിൽ ഒരു വിഭാഗത്തിന്റെ സഹായത്തിനായി ബൈക്കുകളിൽ എത്തുന്ന സംഘം മറുഭാഗത്തെ ആക്രമിച്ച ശേഷം സ്ഥലം വിടുകയാണ് പതിവ്. ലഹരി മാഫിയാ സംഘങ്ങളിൽ പെട്ടവരാണ് ബൈക്കിലെത്തി സംഘർഷങ്ങളുണ്ടാക്കി സ്ഥലം വിടുന്നത്.
ഏതാനും ദിവസങ്ങൾക്ക് മുൻപ് എതിർ വിഭാഗത്തെ ആക്രമിക്കുന്നതിനായി വെട്ടുകത്തിയുമായി ബൈക്കിൽ എത്തിയ രണ്ട് വിദ്യാർത്ഥികളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. തുടർന്ന് രക്ഷകർത്താക്കളെ വരുത്തിയ ശേഷമാണ് ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് വിട്ടയച്ചത്. കഴിഞ്ഞ ദിവസം പാറശാല ഗാന്ധിപാർക്ക് ജംഗ്‌ഷനിൽ ഉണ്ടായ സംഘർഷത്തിനിടെ പാറശാല പൊലീസ് എത്തി രണ്ട് വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തത് വീട്ടുകാർ എത്തിയതിനെ തുടർന്നാണ് വിട്ടയച്ചത്. സംഭങ്ങളെ തുടർന്ന് സ്‌കൂൾ വിടുന്ന സമയങ്ങളിൽ മഫ്ടിയിലും യൂണിഫോമിലും പൊലീസ് റോന്ത് ചുറ്റ് പതിവാക്കിയിട്ടുണ്ട്,.