
കല്ലമ്പലം:കല്ലമ്പലം ദേശീയപാത വീണ്ടും കുരുതിക്കളമാകുന്നു. കഴിഞ്ഞ ഒന്നര മാസത്തിനുള്ളിൽ പൊലിഞ്ഞത് 7 പേരുടെ ജീവനാണ്. അമിത വേഗവും നിയമലംഘനവും ആണ് അപകടങ്ങൾക്ക് കാരണം. കഴിഞ്ഞ അഞ്ച് ആഴ്ചയ്ക്കുള്ളിലാണ് 7 മരണവും സംഭവിച്ചത്. 40 ഓളം പേർ പരിക്കുകളോടെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. കഴിഞ്ഞ ഞായറാഴ്ച കല്ലമ്പലം ജംഗ്ഷന് സമീപം കൊല്ലം റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് നവവരൻ അടക്കം 2 പേർ മരിച്ചതാണ് ഒടുവിലത്തെ സംഭവം.
കടമ്പാട്ടുകോണത്തിനും ആലംകോടിനും ഇടയ്ക്കാണ് അപകടങ്ങൾ ഏറെയും നടക്കുന്നത്. അശാസ്ത്രീയമായ റോഡ് നിർമ്മാണവും റോഡിലെ വെളിച്ചക്കുറവുമാണ് അപകടങ്ങൾക്ക് മുഖ്യ കാരണം. ജില്ലയിലെ അപകടങ്ങളിൽ ഏറ്റവും കൂടുതൽ മരണം സംഭവിക്കുന്നത് ഇരുചക്ര വാഹന യാത്രക്കാർക്കാണെന്ന് മോട്ടോർ വാഹന വകുപ്പിന്റെ സർവേ വെളിപ്പെടുത്തുന്നു. കഴിഞ്ഞ മാസം 22ന് രാത്രി 10.30ന് ടാങ്കർ ലോറി ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. ഇതിന് ഒരു കിലോമീറ്റർ അകലെ കടുവാപ്പള്ളിക്ക് സമീപമാണ് കഴിഞ്ഞ 21ന് രാത്രി ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചത്. കല്ലമ്പലം ജംഗ്ഷന് സമീപം കൊല്ലം റോഡിൽ അമിതവേഗത്തിൽ വന്ന കാറിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചത് 20 നാണ്. അടുത്തടുത്ത ദിവസങ്ങളിലാണ് 3 അപകടങ്ങളും 3 മരണവും. ഫെബ്രുവരി 11ന് രാത്രി 9.30 നാണ് കല്ലമ്പലം ജംഗ്ഷനിൽ കൊല്ലം റോഡിൽ ലോറി ഇടിച്ച് ബൈക്കിൽ യാത്ര ചെയ്ത 2 യുവാക്കൾ മരിച്ചത്. റോഡിൽ വീണ യുവാക്കളുടെ ദേഹത്ത് ലോറിയുടെ പിൻചക്രം കയറിയിറങ്ങി.
അമിത വേഗവും അശ്രദ്ധയും
അമിത വേഗത, അശ്രദ്ധമായ ഡ്രൈവിംഗ്, നിയമം തെറ്റിച്ചുള്ള മറികടക്കൽ എന്നിവയാണ് 5 അപകടങ്ങളിലും കാരണമായി പൊലീസ് കണ്ടെത്തിയിട്ടുള്ളത്. അപകടങ്ങൾ വർദ്ധിച്ച സാഹചര്യത്തിൽ മോട്ടോർ വാഹന വകുപ്പ് 2 ആഴ്ച മുമ്പ് പ്രധാന കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന നടത്തിയിരുന്നു. അന്ന് 300 ഓളം കേസുകളിലായി 6 ലക്ഷത്തോളം രൂപയാണ് പിഴ ഈടാക്കിയത്.
പ്രധാന കേന്ദ്രങ്ങൾ
തോട്ടയ്ക്കാട്, ആഴാംകോണം, കല്ലമ്പലം ജംഗ്ഷനും വലിയപള്ളിക്കും ഇടയിൽ, തട്ടുപാലം, ഇരുപത്തെട്ടാംമൈൽ, മങ്ങാട്ട്വാതുക്കൽ, കടമ്പാട്ടുകോണം
വെളിച്ചവുമില്ല
വലിയ അപകടങ്ങൾ എല്ലാം രാത്രി ആയതിനാൽ വെളിച്ചത്തിന്റെ അഭാവവും അപകട കാരണമായി ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ഞായർ രാത്രി ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലും അമിതവേഗം ആണ് കാരണമെന്ന് ദൃക്സാക്ഷികൾ ചൂണ്ടിക്കാട്ടുന്നു. വളവുകളും കുത്തിറക്കവുമുള്ള പാതകളിൽ രാത്രി വെളിച്ചത്തിന്റെ അഭാവം കൂടി നേരിടുമ്പോൾ പ്രശ്നം രൂക്ഷമാകുന്നു.