bodhavalkarana-paripadi

കല്ലമ്പലം: ദേശീയപാതയിൽ അപകടങ്ങളും മരണങ്ങളും പതിവായതോടെ മോട്ടോർ വാഹന വകുപ്പ് പ്രത്യേക പരിപാടികൾക്ക് രൂപം നൽകി. ജില്ലയിലെ വാഹനാപകടങ്ങളിൽ ഏറ്റവും പേർ മരിക്കുന്നത് ഇരുചക്ര വാഹനം ഓടിക്കുന്ന യുവാക്കളായതിനാൽ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് പ്രത്യേക ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കാൻ സേഫ് കേരള ആർ.ടി.ഒ എൻഫോഴ്സ്‌മെന്റ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി കല്ലമ്പലം, വർക്കല, ആറ്റിങ്ങൽ മേഖലകളിലെ പ്രധാന കലാലയങ്ങൾ കേന്ദ്രീകരിച്ച് നടത്തുന്ന ബോധവത്ക്കരണ പരിപാടിക്ക് കഴിഞ്ഞ ദിവസം തുടക്കമായി. ഉദ്ഘാടനം ചാവർകോട് സി.എച്ച്.എം.എം കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ നടന്നു. തിരുവനന്തപുരം ആർ.ടി.ഒ എൻഫോഴ്സ്‌മെന്റ് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ രാംജി കെ.കരൻ ബോധവത്കരണ ക്ലാസുകൾ നയിച്ചു. അസി. മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ സരിഗ ജ്യോതി വിദ്യാർത്ഥികൾക്ക് റോഡ് സുരക്ഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അദ്ധ്യാപകർക്കും മറ്റ് ജീവനക്കാർക്കും വേണ്ടി അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ ശിവ പ്രസാദ് റോഡ് സുരക്ഷാ കാമ്പെയിൻ നടത്തി. നാഷണൽ സർവീസ് സ്കീം യൂണിറ്റുകളുമായി സഹകരിച്ച് വരും ദിവസങ്ങളിൽ മറ്റ് വിദ്യാലയങ്ങളിലും ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് എൻഫോഴ്സ്‌മെൻ്റ് ആർ.ടി.ഒ ജി. സാജൻ അറിയിച്ചു.