photo

പാലോട്: നന്ദിയോട്, പെരിങ്ങമ്മല പഞ്ചായത്തുകളിലെ നായ്ക്കൾക്കിടയിൽ വ്യാപകമായി കനയിൻ ഡിസ്റ്റംബർ രോഗം പടരുന്നു. വളർത്തു നായ്ക്കളുൾപ്പെടെ നൂറിലധികം നായ്ക്കളാണ് അടുത്തിടെ ചത്തത്. മൂക്കിൽ നിന്നും കണ്ണിൽ നിന്നും സ്രവം ഒഴുകുക, പനി, വയറിളക്കം, വിശപ്പില്ലായ്മ തുടങ്ങിയവയാണ് ഈ രോഗത്തിന്റെ ലക്ഷണം. നായ്ക്കളിൽ നിന്ന് നായ്ക്കളിലേക്ക് പകരുന്നതാണ് ഈ രോഗം. രോഗാണു ശരീരത്തിൽ പ്രവേശിച്ച് രണ്ടാഴ്ച്ചയ്ക്കുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകും. വൈറസ് നാഡീവ്യൂഹത്തെയും തലച്ചോറിനെയും ബാധിക്കുന്നതോടെ കാലിലേയും തലയിലേയും അനിയന്ത്രിതമായ വിറയൽ, കൈകാലുകളുടെ തളർച്ച, ചില നായ്ക്കളിൽ വയറിനടിവശത്തും തുടകളിലും പഴുപ്പു നിറഞ്ഞ കുമിളകൾ പ്രത്യക്ഷപ്പെടുകയും ചെയ്യും. ചെറിയപനിയിൽ

രോഗം ബാധിക്കുന്ന നായ്ക്കളിൽ നിർജ്ജലീകരണം ബാധിച്ച് മരണം സംഭവിക്കാം. ശുചിത്വം ഉറപ്പാക്കിയും കൃത്യസമയത്ത് കുത്തിവയ്പ്പെടുത്തും രോഗം പ്രതിരോധിക്കാമെന്നും വാക്സിനെടുത്ത നായ്ക്കൾ സുരക്ഷിതരാണെന്നും മനുഷ്യരിലേക്ക് ഈ രോഗം പകരില്ലെന്നും നന്ദിയോട് വെറ്ററിനറി സർജൻ ഡോ.ദിവ്യ .പി.സി പറ‌ഞ്ഞു.