general

ബാലരാമപുരം: കൊവിഡ് മഹാമാരിയിൽ കൃഷി വിനോദമാക്കി മാറ്റിയ കുട്ടിക്കർഷകൻ ജി.എ. ഗോകുൽ സംസ്ഥാന സർക്കാരിന്റെ മികച്ച വിദ്യാർത്ഥി കർഷകനുള്ള അവാർഡ് സ്വന്തമാക്കി. ജൈവകൃഷിപരിപാലനവും​ പച്ചക്കറി വിപണനവും വിത്ത് വിതരണവുമായി നാട്ടിലും സ്കൂളിലും താരമായി മാറിയ ഗോകുൽ ബാലരാമപുരം വടക്കേവിള ശ്രീഗോകുലത്തിൽ ഗോപകുമാറിന്റെയും ആശയുടേയും മകനാണ്.

അച്ഛന്റെ ഒരേക്കർ പുരയിടത്തിൽ 15 സെന്റോളം വരുന്ന സ്ഥലത്ത് ചീര,​ വെണ്ട,​ കാബേജ്,​ ക്വാളിഫ്ലവർ,​ വഴുതന,​ കത്തിരിക്ക,​ മുളക് തുടങ്ങി നാൽപ്പതിനം പച്ചക്കറികളാണ് നട്ടുവളർത്തുന്നത്. പള്ളിച്ചൽ കൃഷി ഓഫീസർ രമേഷ് കുമാറാണ് നിർദ്ദേശങ്ങൾ നൽകുന്നത്. പച്ചക്കറിയിൽ നിന്ന് വിത്ത് ഉത്പാദിപ്പിച്ച് സോഷ്യൽ മീഡിയ വഴി വിപണനം നടത്തുന്നുണ്ട് ഈ കൗമാരകർഷകൻ.

ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടിയാണ് സംസ്ഥാനതലത്തിലെത്തി അമ്പതിനായിരം രൂപയുടെ ക്യാഷ് അവാർഡ് കരസ്ഥമാക്കിയത്. കുട്ടിക്കാലം മുതൽക്കേ കൃഷിയിൽ അഭിരുചിയുള്ള ഗോകുൽ, ലോക്ക് ഡൗണിനെ തുടർന്ന് സ്കൂൾ അടച്ചതോടെ പൂർണമായി കൃഷിയിൽ വ്യാപൃതനാവുകയായിരുന്നു. വീട്ടിലേക്കുള്ള പച്ചക്കറി വീട്ടുവളപ്പിൽ തന്നെ വിളയിച്ചെടുത്തു. പച്ചക്കറിയിലെ കൃമികീടങ്ങളെ നശിപ്പിക്കാൻ കൃഷി ഓഫീസർ രമേഷ് കുമാറിന്റെ സഹായത്താൽ ശാസ്ത്രീയമായി ജൈവകീടനാശിനികൾ തയ്യാറാക്കുന്നതും ഗോകുൽ തന്നെയാണ്. നാലാം ക്ലാസുകാരനായ അനുജൻ ഗൗതം കൃഷ്ണയും കൃഷിക്ക് കൈത്താങ്ങായി ഒപ്പമുണ്ട്. മികച്ചൊരു കർഷകനായി മാറണമെന്ന സന്ദേശമാണ് ഗോകുൽ വിദ്യാർത്ഥി തലമുറയ്ക്ക് നൽകുന്നത്.