തിരുവനന്തപുരം:കെ-റെയിൽ വിരുദ്ധ പ്രക്ഷോഭങ്ങളിൽ സ്ത്രീകൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ പ്രതിഷേധിച്ച് പൊലീസ് ആസ്ഥാനത്തേക്ക് മഹിളാ കോൺഗ്രസ്‌ നടത്തിയ മാർച്ചിൽ സംഘർഷം.പൊലീസും പ്രവർത്തകരും പരസ്പരം ഏറ്റുമുട്ടി. പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറി മുദ്രാവാക്യം വിളിച്ചതോടെ കൂടുതൽ പൊലീസെത്തി ഇവരെ താഴെയിറക്കാൻ ശ്രമിച്ചത് ഉന്തിലും തള്ളിലും കലാശിച്ചു. സംഘർഷത്തിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായ പൊലീസുകാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഒരു പ്രവർത്തകയെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസുകാർ മർദ്ദിച്ചെന്നാരോപിച്ച് പ്രവർത്തർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. കെ.പി.സി.സി.ഓഫീസിന് മുന്നിൽ നിന്നാരംഭിച്ച മാർച്ച് പൊലീസ് ആസ്ഥാന മന്ദിരത്തിന് മുന്നിൽ വച്ച് പെലീസ് തടയുകയായിരുന്നു.അധികാര അന്ധത ബാധിച്ച പിണറായി സർക്കാരിന് സ്ത്രീകളെയും കുട്ടികളെയും തിരിച്ചറിയാൻ കഴിയുന്നില്ലെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ പറഞ്ഞു.എസ്.എഫ്.ഐയുടെ കാട്ടാള നടപടിയെ അപലപിക്കുന്നതിന് പകരം മുഖ്യമന്ത്രി ന്യായീകരിച്ചത് അക്രമികൾക്ക് പ്രോത്സാഹനം നൽകുന്നതിന് തുല്യമാണെന്നും ഹസൻ കുറ്റപ്പെടുത്തി. ചങ്ങനാശേരിയിൽ സ്ത്രീയുടെ കൈകളിൽ പിടിച്ച് റോഡിൽ വലിച്ചിഴച്ച പൊലീസുകാർക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പ്രസിഡ‌ന്റ് പ്രസിഡന്റ അഡ്വ. ജെബി മേത്തർ ആവശ്യപ്പെട്ടു.സംസ്ഥാന ഭാരവാഹികളായ ആശാസനൽ, ഡോ.ആരിഫ സൈനുദീൻ,അഡ്വ.വഹീദ,അനിത എൽ,ജയശ്രീ കെ.വി,ഉഷാകുമാരി,സരസ്വതി അമ്മ,ബബിത ജയൻ,ജില്ലാ പ്രസിഡന്റ് ലക്ഷ്മി.ആർ തുടങ്ങിയവർ നേതൃത്വം നൽകി.