 ബ്രെയ്ൽ മെഷീൻ വാങ്ങാൻ 13 ലക്ഷം രൂപ അനുവദിച്ചു

തിരുവനന്തപുരം: കാഴ്ച പരിമിതിക്കിടയിലും മികച്ച നേട്ടങ്ങളാണ് പലരും കൈവരിക്കുന്നതെന്നും അവരെ കൈപിടിച്ചുയർത്തേണ്ടത് സമൂഹത്തിന്റെ കടമയാണെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു. കാഴ്ച പരിമിതർ ഉൾപ്പെടെയുള്ളവരെ കരുതലോടെ മുന്നോട്ടുനയിക്കാൻ ദീർഘകാല വീക്ഷണത്തോടെയുള്ള പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. കാഴ്ചപരിമിതർക്കായുള്ള വഴുതക്കാട് സർക്കാർ വിദ്യാലയത്തിന്റെ 65-ാമത് വാർഷിക ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വകുപ്പ് തലത്തിലും സർക്കാർ തലത്തിലും കാഴ്ചപരിമിതർക്കായി നിരവധി പദ്ധതികളുണ്ട്. കാഴ്ചപരിമിതരുടെ വിദ്യാലയത്തിൽ നൂതന സാങ്കേതിക വിദ്യകളുടെയോ മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെയോ അഭാവമോ ആവശ്യമോ ഉണ്ടെങ്കിൽ അത് പരിഹരിക്കാൻ മുൻഗണന നൽകും. കാഴ്ചപരിമിതരുടെ വിദ്യാലയത്തിൽ ബ്രെയ്ൽ മെഷീൻ വാങ്ങാൻ 13 ലക്ഷം അനുവദിച്ചതായും മന്ത്രി പറഞ്ഞു. ദീർഘകാലത്തെ സേവനത്തിന് ശേഷം വിരമിച്ച പ്രഥമാദ്ധ്യാപകനെ മന്ത്രി പൊന്നാടയണിയിക്കുകയും വിവിധ മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്ക് പുരസ്‌കാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ഈ വർഷത്തെ റേഡിയോ ക്ലബിന്റെയും സർഗവേളയുടേയും സമാപനത്തിന്റെ ഉദ്ഘാടനവും നടന്നു. കൗൺസലർ രാഖി രവികുമാർ അദ്ധ്യക്ഷയായി. അദ്ധ്യാപകർ, പി.ടി.എ ഭാരവാഹികൾ, രക്ഷാകർത്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.