
തിരുവനന്തപുരം: ഐക്യരാഷ്ട്ര സഭയുടെയും വേൾഡ‌് ഫുഡ് പ്രോഗ്രാമിന്റെയും സഹകരണത്തോടെയുള്ള സേവ് സോയിൽ മൂവ്മെന്റിന്റെ ഭാഗമായി ഇഷ ഫൗണ്ടേഷൻ സ്ഥാപകൻ സദ്ഗുരു ജഗ്ഗി വാസുദേവ് 30,000 കിലോമീറ്റർ മോട്ടോർ സൈക്കിൾ യാത്ര നടത്തുന്നു.
നാളെ ലണ്ടനിൽ നിന്നാരംഭിക്കുന്ന യാത്ര യൂറോപ്പ്, ഏഷ്യ, മദ്ധ്യപൂർവേഷ്യ എന്നിവിടങ്ങളിലെ 27 രാജ്യങ്ങളിലൂടെ സഞ്ചരിച്ച് 100 ദിവസത്തിന് ശേഷം ഇഷയുടെ 'കാവേരി കാളിംഗ് ' പ്രോജക്ട് നടപ്പിലാക്കുന്ന ദക്ഷിണേന്ത്യയിൽ അവസാനിക്കും. മണ്ണിന്റെ നാശം തടയുന്നതിനുള്ള അവബോധം വളർത്തുകയും രാഷ്ട്രീയ സമവായം രൂപീകരിക്കുകയുമാണ് യാത്രയുടെ ലക്ഷ്യം. ഇതിനോടകം ആറ് കരീബിയൻ രാജ്യങ്ങളുമായി സേവ് സോയിൽ മൂവ്മെന്റ് കരാറിലേർപ്പെട്ടിട്ടുണ്ട്.
പാരിസ്ഥിതിക പ്രശ്‌നങ്ങൾ തിരഞ്ഞെടുപ്പ് വിഷയങ്ങളായി മാറണമെന്നും ഇത് സംഭവിക്കണമെങ്കിൽ തങ്ങളുടെ രാജ്യം നേരിടുന്ന പാരിസ്ഥിതിക വെല്ലുവിളി എന്താണെന്ന് പൗരന്മാർ അറിഞ്ഞിരിക്കണമെന്നും സദ്ഗുരു പറഞ്ഞു. ലോകത്തെ പൗരന്മാർ അവരുടെ രാജ്യത്തെ മണ്ണ് സംരക്ഷിക്കേണ്ടതിന്റെ അടിയന്തര ആവശ്യം നേതാക്കളോട് ദൃഢമായി പ്രകടിപ്പിക്കണം.